കാത്തിരിപ്പിനൊടുവില്‍ ഗ്രാസിയ എത്തി; 125 സിസി സെഗ്മെന്റിലെ ഹോണ്ടയുടെ സ്‌പെഷ്യലിസ്റ്റ്

ഗ്രാസിയ

ഹോണ്ടയുടെ ആക്ടീവ എന്ന ഇരുചക്ര വിപണിയിലെ തുരുപ്പുചീട്ടിനെ ഒരിക്കലും അവര്‍ ഒരു 125 സിസി സ്‌കൂട്ടര്‍ എന്ന നിലയില്‍ പ്രമോട്ട് ചെയ്തിട്ടേയില്ല. മാത്രമല്ല സുസുക്കി 125 സിസി സ്‌കൂട്ടറായി ആക്‌സസ് വിപണിയിലിറക്കി വിജയം കൊയ്തപ്പോഴും 110 സിസിയില്‍ത്തന്നെ ആക്ടീവയുടെ പ്രധാന വേരിയന്റ് തുടര്‍ന്നു. 150 സിസി സ്‌കൂട്ടറായ എറ്റേണോയില്‍ ഹോണ്ട ശ്രദ്ധ ചെലുത്തിയതുമില്ല.

ആ രീതിയില്‍ പറഞ്ഞാല്‍ സെഗ്മെന്റിലേക്ക് വൈകിയെത്തിയ താരമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗ്രാസിയ. ഗ്രാസിയയുടെ ഹൃദയമായ 124.9 സിസി എഞ്ചിന്‍ 6500 ആര്‍പിഎമ്മില്‍ 8.52 ബിഎച്ച്പി കരുത്തുനല്‍കും. 7500 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പിയാണ് ആക്ടീവ നല്‍കുന്ന കരുത്ത്. ഇതുകൊണ്ടുതന്നെ ആക്ടീവയേക്കാള്‍ മികച്ച ഡ്രൈവിംഗ് സുഖം ഗ്രാസിയ നല്‍കും.

ഇക്വലൈസര്‍ സാങ്കേതിക വിദ്യയുള്ള കോംബി ബ്രേക്കുകള്‍ പഴയതിനേക്കാള്‍ മികച്ചതാണ്. എല്‍ഇഡി ഹെഡ്‌ലാമ്പുകളും 3 എക്കോ സ്പീഡ് ഇന്‍ഡിക്കേറ്ററുകളും ഗ്രാസിയയിലുണ്ട്. മൊബൈല്‍ ചാര്‍ജ്ജിംഗ് സോക്കറ്റും യൂട്ടിലിറ്റി പൊക്കറ്റും മികച്ച സംഭരണ ശേഷിയുമുണ്ട്. ട്രിപ് മീറ്ററും ക്ലോക്കുമടങ്ങിയ സമ്പൂര്‍ണ ഡിജിറ്റല്‍ മീറ്റര്‍ സംവിധാനം നല്‍കിയത് കാലാനുസൃതമായ മാറ്റമായി.

എന്നാല്‍ ബുക്ക് ചെയ്ത് കാത്തിരുന്ന ഉപഭോക്താക്കളെ സംബന്ധിച്ചും ഹോണ്ടയുടെ ആരാധകരെ സംബന്ധിച്ചും പൂര്‍ണ സംതൃപ്തി നല്‍കുന്ന ഒന്നാണോ ഗ്രാസിയ എന്നു ചോദിച്ചാല്‍ അല്ല എന്നാണ് ഉത്തരം. ഫോറങ്ങളിലെ ചര്‍ച്ചകളില്‍ നിരവധിയാളുകളാണ് സ്‌കൂട്ടറിന്റെ മുന്‍ വശത്തിനുള്ള യമഹ റേയോടുള്ള സാമ്യം ചൂണ്ടിക്കാട്ടുന്നത്. പിന്‍ഭാഗത്ത് ഡിയോയുടെ സാദൃശ്യവും ഹോണ്ട നല്‍കിയിരിക്കുന്നു.

പെട്രോള്‍ ഒഴിക്കാന്‍ സീറ്റ് തുറന്നുനല്‍കണമെന്ന പരിമിതി ഹോണ്ട ഇത്തവണയും മറികടക്കുന്നില്ല. എന്നാല്‍ ഇന്ത്യയിലുള്ള ഏറ്റവും മികച്ച അര്‍ബന്‍ സ്‌കൂട്ടര്‍ എന്ന വിശേഷണമാണ് ഗ്രാസിയയ്ക്ക് ഹോണ്ട നല്‍കുന്നത്. വെസ്പയും ആക്‌സസുമാകും ഗ്രാസിയയുടെ എതിരാളികള്‍. കൂട്ടത്തില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതിക വിദ്യയും കരുത്തും വെസ്പയെ ഒരുപടി മുന്നില്‍ നിര്‍ത്തുന്നു.

ടിവിഎസ് ജൂപ്പിറ്ററിന്റെ അത്ഭുതാവഹമായ വില്‍പ്പനക്കണക്കുകള്‍ ഹോണ്ടയെ അതിശയിപ്പിച്ചു എന്ന് വ്യക്തം. ജൂപ്പിറ്റര്‍ 125 സിസി വെര്‍ഷനിലും ഇലക്ട്രിക് വെര്‍ഷനിലും പുറത്തറിങ്ങുന്നുവെന്ന വാര്‍ത്തയും ഇരുചക്രവാഹന വിപണിയിലെ ചൂടുവാര്‍ത്തയായിക്കഴിഞ്ഞു.

58,000 രൂപയാണ് ഗ്രാസിയയുടെ എക്‌സ് ഷോറൂം വില. ബുക്കിംഗില്‍ത്തന്നെ നല്ല പ്രതികരണമാണ് സ്‌കൂട്ടറിന് ലഭിച്ചത്. പുറത്തിറങ്ങി നിരത്തിലൂടെ ചീറിപ്പാഞ്ഞ് തുടങ്ങുമ്പോള്‍ ഗ്രാസിയയുടെ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ തന്നെയാകും ഏറ്റവും ശ്രദ്ധിക്കപ്പെടുക എന്ന് വ്യക്തം.

DONT MISS
Top