ആത്മഹത്യ ചെയ്ത അനിതയുടെ നാട്ടിലെ വിദ്യാലയങ്ങള്‍ക്കായി പരസ്യവരുമാനം മാറ്റിവെച്ച് വിജയ് സേതുപതി

വിജയ് സേതുപതി

ചെന്നൈ: തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി 49.70 ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ വിജയ് സേതുപതി. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് താരത്തിന്റെ പുതിയ ചുവടുവയ്പ്.

വിവാദമായ ‘നീറ്റ് ‘ പരീക്ഷയുടെ പേരില്‍ ആത്മഹത്യ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ഥിനി അനിതയുടെ പേരിലാണ് പണം നല്‍കാന്‍ പോകുന്നതെന്ന് വിജയ് സേതുപതി മാധ്യമങ്ങളോട് വ്യക്തമാക്കി. അനിതയുടെ സ്വദേശമായ അരിയല്ലൂര്‍, സംസ്ഥാനത്ത് വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ്. 774 അംഗനവാടികള്‍ക്കായി 38,70000 രൂപയും തമിഴ്‌നാടിലെ 21 അന്ധവിദ്യാലയങ്ങള്‍ക്കായി 10,50000 രൂപയും ചിലവഴിക്കും. കൂടാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹെലന്‍ കെല്ലര്‍ അന്ധവിദ്യാലയത്തിനായി 50000 രൂപയും നല്‍കും.

‘മക്കള്‍ ശെല്‍വന്‍’ എന്ന അദ്ദേഹത്തിന്റെ വിളിപ്പേരിനെ അന്വര്‍ഥമാക്കുന്നതാണ് വിജയ് സേതുപതിയുടെ ഓരോ പ്രവൃത്തികളും. അനില്‍ പ്രൊഡക്ട്‌സിനുവേണ്ടി അഭിനയിച്ച പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന രൂപയാണ് അദ്ദേഹം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചത്. വളരെ അപൂര്‍വ്വമായി മാത്രം പരസ്യചിത്രങ്ങളില്‍ കണ്ടുവരുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് വിജയ് സേതുപതി. സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ തന്റെ നിലപാടുകള്‍ തുറന്നുപറയാന്‍ ആര്‍ജ്ജവം കാണിക്കാറുള്ള അദ്ദേഹം അടുത്തിടെ മെര്‍സല്‍ വിവാദത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

DONT MISS
Top