“എനിക്ക് ജിഎസ്ടി ഇനിയും മനസ്സിലായിട്ടില്ല”: ബിജെപിയെ വെട്ടിലാക്കി മധ്യപ്രദേശ് മന്ത്രി ഓംപ്രകാശ് ധുര്‍വെയുടെ തുറന്നുപറച്ചില്‍

ഓംപ്രകാശ് ധുര്‍വെ പൊതുചടങ്ങില്‍ സംസാരിക്കുന്നു

ഭോപ്പാല്‍: ബിജെപിയെ വെട്ടിലാക്കി മധ്യപ്രദേശ് മന്ത്രി ഓംപ്രകാശ് ധുര്‍വെ. തനിക്ക് ജിഎസ്ടി എന്താണെന്ന് ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നായിരുന്നു ബിജെപിയുടെ തന്നെ മന്ത്രിയായ ധുര്‍വെയുടെ വെളിപ്പെടുത്തല്‍. നോട്ട് നിരോധന വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മധ്യപ്രദേശ് ഭക്ഷ്യമന്ത്രി.

‘എനിക്കിതുവരെ ജിഎസ്ടി മനസ്സിലായിട്ടില്ല, അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ തയ്യാറല്ല. ബിസിനസ്സുകാര്‍ക്ക് പോലും ഒരുപക്ഷെ മനസ്സിലായിക്കാണില്ല. സര്‍ക്കാരിന്റെ നടപടി സാവധാനം ജനങ്ങള്‍ക്ക് മനസ്സിലാകും,’ ധുര്‍വെ പറയുന്നു.

ജിഎസ്ടിയെ ന്യായീകരിക്കാന്‍ പ്രധാനമന്ത്രിയും മുന്നണിയും പാടുപെടുന്നതിനിടെ സ്വന്തം മന്ത്രി തന്നെ പുതിയ നികുതിയെക്കുറിച്ച് അറിയില്ല എന്നുപറഞ്ഞത് ബിജെപിക്ക് തിരിച്ചടി ആയിരിക്കുകയാണ്. ജിഎസ്ടിക്കെതിരെ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ചയേകുന്നതാണ് ധുര്‍വെയുടെ പ്രസ്താവന. ധുര്‍വെയുടെ പ്രസംഗം ഉള്‍ക്കൊള്ളുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

DONT MISS
Top