ജിഷ്ണു കേസ്: സിബിഐ സുപ്രിം കോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും

ഫയല്‍ ചിത്രം

ദില്ലി: ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണം ഏറ്റെടുക്കുമോയെന്ന് സിബിഐ ഇന്ന് സുപ്രിം കോടതിയെ അറിയിക്കും. സിബിഐ നിലപാട് അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയില്‍ ഉത്തരവിറക്കുമെന്ന് ജസ്റ്റിസുമാരായ എന്‍വി രമണ, അമിതാവ റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ച് കഴിഞ്ഞതവണ വ്യക്തിമാക്കിയിരുന്നു.

അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം ലഭിച്ചില്ലെന്നാണ് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചിരുന്നത്. ഇതേതുടര്‍ന്ന് വിജ്ഞാപനവും കേസിന്റെ വിശദാംശങ്ങളും സംസ്ഥാനം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും സിബിഐ ഡയറക്ടര്‍ക്കും അയച്ചിട്ടുണ്ട്.

ജിഷ്ണു പ്രണോയ് കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മമഹിജ നല്‍കിയ അപേക്ഷയുമാണ് സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നത്.

നവംബര്‍ മൂന്നിന് കേസ് പരിഗണിക്കവെയാണ് അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ സുപ്രിം കോടതിയെ അറിയിച്ചത്. എന്നാല്‍ ജൂണില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിജ്ഞാപനം ഇറക്കിയതായി പറയുന്നുണ്ടല്ലോ എന്ന് കോടതി ആരാഞ്ഞു. ഈ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സിബിഐ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവ് ഇറക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

എന്നാല്‍ സിബിഐയുടെ വാദം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഓഗസ്റ്റില്‍ കേന്ദ്രത്തിനയച്ച കത്ത് പുറത്തുവന്നു. കേസ് സിബിഐക്ക് കൈമാറാനുളള വിജ്ഞാപനവും എന്തുകൊണ്ട് ഈ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് വിശദീകരിക്കുന്ന കുറിപ്പും 2017 ഓഗസ്റ്റ് പത്തിന് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി. നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പേഴ്‌സണല്‍ മന്ത്രാലയത്തെയാണ് അറിയിക്കേണ്ടത് സിബിഐയെ അല്ലെന്നും ഓഫീസ് വ്യക്തമാക്കി.

DONT MISS
Top