‘നരകം ഇവിടെയാണ്; ദേഹമാകെ തീപിടിച്ച് പൊള്ളിപ്പിടയുന്ന കുട്ടിയാന; സാങ്ച്വറി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡ് നേടിയ ചിത്രം കണ്ണീര്‍ക്കാഴ്ചയാകുന്നു

അവാര്‍ഡിനര്‍ഹമായ ചിത്രം

സാങ്ച്വറി ഏഷ്യയുടെ 2017 ലെ സാങ്ച്വറി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രം കാഴ്ചക്കാരുടെ കരളലിയിക്കും. ആള്‍ക്കൂട്ടമെറിഞ്ഞ തീബോംബുകളില്‍പ്പെട്ട് ശരീരം മുഴുവന്‍ തീപടര്‍ന്ന നിലയില്‍ വേദന കൊണ്ട് പുളയുന്ന ഒരു കുട്ടിയാനയും അമ്മയാനയുമാണ് ചിത്രത്തില്‍. കാല് മുഴുവന്‍ തീ പടര്‍ന്നു പിടിച്ച് വേദനയില്‍ പുളഞ്ഞ് ഓടുന്ന കുട്ടിയാനയുടെ ചിത്രം മൃഗസ്‌നേഹികളുടെയെന്നല്ല മനുഷ്യരായിപ്പിറന്നവരുടെ കണ്ണ് നിറയ്ക്കും.

‘നരകം ഇവിടെയാണ്’ എന്ന അടിക്കുറിപ്പോടെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബിപ്ലാബ് ഹസ്രയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ ബങ്കുറ ഗ്രാമത്തില്‍ നിന്നാണ് ബിപ്ലാബ് ഹസ്ര അവാര്‍ഡിനര്‍ഹമായ ചിത്രം പകര്‍ത്തിയത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി രംഗത്ത് പതിനാല് വര്‍ഷമായി തുടരുന്ന ബിപ്ലാബ് ഹസ്ര തന്റെ ഇതു വരെയുള്ള ജീവിതത്തില്‍ ഇങ്ങനെയൊരു ക്രൂരകൃത്യത്തിന് സാക്ഷിയാകുന്നത് ഇതാദ്യമായാണെന്ന് പറയുന്നു.

ജനവാസ കേന്ദ്രങ്ങളിലേക്ക് ആനക്കൂട്ടം പ്രവേശിക്കാതിരിക്കാനുള്ള മുന്‍തരുതലിനാണ് ആനക്കൂട്ടത്തിനു നേരെ ജനങ്ങള്‍ ടാര്‍ ബോംബെറിയുന്നത്. ഒരു പക്ഷേ ആനകളെ ഉപദ്രവിക്കണം എന്ന ലക്ഷ്യത്തോടെയല്ലെങ്കില്‍പ്പോലും ആനക്കൂട്ടത്തിനു നേരെ തീഗോളവും പടക്കവുമൊക്കെ എറിയുമ്പോള്‍ ഈ ക്രൂരതയ്ക്ക് മുന്നില്‍ പ്രതികരിക്കാനാകാതെ കാട്ടാനകള്‍ അപകടത്തില്‍ പെട്ടുപോവുകയാണ്. ഇത്തരം മനുഷ്യത്വമില്ലാത്ത ചെയ്തികള്‍ക്കു മുന്നില്‍ മൃഗങ്ങള്‍ വേദനകൊണ്ട് പുളയുന്നത് പ്രദേശത്തെ പതിവ് കാഴ്ചയാണെന്നും ബിപ്ലാബ് പറയുന്നു.

മിണ്ടാപ്രാണികള്‍ക്കു നേരെ ഇങ്ങനെ ക്രൂരകൃത്യം കാട്ടിയവരെ എന്ത് പേരില്‍ വിളിക്കണമെന്നാണ് ചിത്രം കണ്ട് കണ്ണ് നിറയുന്നവര്‍ ചോദിക്കുന്നത്. ശരീരമാസകലം തീപിടിച്ച് വേദനകൊണ്ട് പുളഞ്ഞ് ഓടുന്ന ആനക്കുട്ടിയുടെയും അമ്മയാനയുടേയും ചിത്രം ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. ജനവാസ മേഖലയിലേക്ക് ആനക്കൂട്ടം പ്രവേശിക്കാതിരിക്കാന്‍ മറ്റനേകം പ്രതിവിധികളുള്ളപ്പോള്‍ ഇങ്ങനെ ക്രൂരത കാട്ടേണ്ട ആവശ്യമെന്താണെന്ന് ആളുകള്‍ ചോദിക്കുന്നു.

DONT MISS
Top