‘കുട്ടുമാമാ ഞങ്ങള്‍ ഞെട്ടി മാമാ’; നടക്കാത്ത കല്യാണത്തിന് ആശംസയറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ശ്രീകുമാര്‍

വ്യത്യസ്തമായ ചിരികൊണ്ട് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് എസ്പി ശ്രീകുമാര്‍. ഏത് പൊതു വേദിയില്‍ വന്നാലും ശ്രീകുമാറിനോട് ആളുകള്‍ ആവശ്യപ്പെടുക ആ ചിരിയൊന്ന് ചിരിക്കാമോ എന്നാണ്. ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ശ്രീകുമാര്‍ മലയാളികളെ ചെറുതായിട്ടൊന്ന് ഫൂളാക്കിയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

തന്റെ നടക്കാത്ത കല്യാണത്തിന് ആശംസയറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ശ്രീകുമാര്‍ രംഗത്തെത്തിയതാണ് വിഷയം. കഴിഞ്ഞ ദിവസം കല്യാണ വേഷത്തില്‍ ഒരു പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രം ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘എല്ലാം പെട്ടെന്നായിരുന്നു ആരെയും അറിയിക്കാന്‍ പറ്റിയില്ല’ എന്ന് ചിത്രത്തിന് അടിക്കുറിപ്പും നല്‍കി.

ഇതിനു ശേഷം ശ്രീകുമാറിന്റെ കല്യാണം കഴിഞ്ഞു എന്നു കരുതി പ്രേക്ഷകര്‍ ശ്രീകുമാറിന് ഭാസുരമായ ഭാവി ജീവിതവും മധുവിധുവുമൊക്കെ ആശംസിച്ചു. ഒരു വാക്ക് പോലും നേരത്തെ അറിയിക്കാതിരുന്നതിന് പലരും പരിഭവവും പ്രകടിപ്പിച്ചു. ഉപ്പും മുളകും എന്ന പരമ്പരയിലെ കുട്ടുമാമന്റെ വേഷം ഏറെ ജനപ്രീതി പിടിച്ചു പറ്റിയിരുന്നു. പക്ഷേ കുട്ടുമാമന്‍ ഈ കാണിച്ചത് വലിയ ചതിയായിപ്പോയി എന്നും ആളുകള്‍ കമന്റ് ചെയ്തു.

എന്തായാലും ആശംസകളുടെ ആവേശമൊക്കെ കെട്ടടങ്ങിയപ്പോള്‍ വാര്‍ത്തയിലെ തിരുത്തുമായി ശ്രീകുമാര്‍ രംഗത്തെത്തി. ‘വിവാഹമംഗളാശംസകള്‍ നേര്‍ന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി !!പക്ഷെ ഒരു ചെറിയ തിരുത്ത്… എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല… സിനിമയില്‍…. ചിത്രീകരണം പുരോഗമിക്കുന്ന ‘പന്ത്’ എന്ന എന്റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷന്‍ ചിത്രമായിരുന്നു അത്.. തെളിവിനിതാ ഒരു ഫോട്ടോ കൂടി….
എന്റെ കല്ല്യാണം ഏറെ പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ.. നല്ല കാര്യമായിപ്പോയി.’ എന്നായിരുന്നു ശ്രീകുമാറിന്റെ വിശദീകരണക്കുറിപ്പ്.

സത്യാവസ്ഥ അറിഞ്ഞതോടെ ആശംസകള്‍ നേര്‍ന്ന് ഇളിഭ്യരായതിന്റെ ചമ്മലിലാണ് ആരാധകര്‍. എന്നാലും കുട്ടുമാമാ ഞങ്ങളോടീചതി വേണ്ടായിരുന്നു എന്നായിരുന്നു പലരുടെയും പ്രതികരണം. വളരെ രസകരമായി കോമഡി വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ശ്രീകുമാറിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമാണ് ജീത്തുജോസഫ് സംവിധാനം ചെയ്ത മെമ്മറീസ്. ചിത്രത്തിലെ വില്ലന്‍വേഷം ശ്രീകുമാറിന് ഏറെ അഭിനന്ദനം നേടിക്കൊടുത്തിരുന്നു.

DONT MISS
Top