കള്ളപ്പണത്തിനെതിരേ പോരാട്ടം വിജയിച്ചുവെന്ന് നോട്ട് നിരോധന വാര്‍ഷികത്തില്‍ പ്രധാനമന്ത്രി

നരേന്ദ്ര മോദി

ദില്ലി: കള്ളപ്പണത്തിനെതിരേ പോരാട്ടം വിജയിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ്. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തെക്കുറിച്ചുള്ള പ്രതികരണമുണ്ടായത്.

നോട്ട് നിരോധനം വൻ വിജയമായിരുന്നു. നോട്ട് നിരോധനം ജനം ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്റെ സർക്കാരിന്റെ പോരാട്ടം വിജയം കണ്ടു. സർക്കാരിന്റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തെ 125 കോടി ജനങ്ങൾക്കു മുന്നിൽ തലകുനിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

2016 നവംബര്‍ എട്ടിന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിനോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക ചുവടാണ് നോട്ട് അസാധുവാക്കല്‍ എന്നായിരുന്നു മോദി അന്ന് അവകാശപ്പെട്ടത്. കള്ളപ്പണത്തിന് എതിരായ മിന്നല്‍ ആക്രമണം എന്നായിരുന്നു മോദി നോട്ട് അസാധുവാക്കലിനെ വിശേഷിപ്പിച്ചിരുന്നത്. അസാധു ആക്കപെട്ട 1000, 500 നോട്ടുകള്‍ മാറ്റി പുതിയ 2000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ കിട്ടാനായി ജനം ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ മണിക്കൂറുകള്‍ ക്യു നിന്നത് അത്ര പെട്ടെന്നൊന്നും ആരും മറക്കാന്‍ ഇടയില്ല. റേഷനായി കിട്ടുന്ന പണത്തിനായി നാട്ടിലെ ജനങ്ങള്‍ അന്തമില്ലാതെ വരി നിന്നപ്പോഴും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോട്ട് അസാധുവാക്കല്‍ വിജയം കൈവരിക്കും എന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.

നോട്ട് നിരോധന വാര്‍ഷികം കള്ളപ്പണ വിരുദ്ധദിനമായി ബിജെപി ആചരിക്കുമ്പോള്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കരിദിനം ആചരിക്കുകയാണ്. എല്ലാ ലക്ഷ്യങ്ങളും കൈവരിച്ച സാമ്പത്തിക പരിഷ്‌കാരമാണ് നോട്ട് അസാധുവാക്കലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെടുമ്പോള്‍, നോട്ട് അസാധുവാക്കല്‍ പദ്ധതി പരാജയമാണെന്ന് സമ്മതിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കലിന് പിന്നാലെ സാമ്പത്തിക രംഗത്ത് ഒരു രാജ്യം ഒരു നികുതി എന്ന പരിഷ്‌ക്കാരം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഈ രണ്ട് പദ്ധതികളും വലിയ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. നികുതി സംവിധാനം വിപുലപ്പെടുത്താനും നികുതിവലയ്ക്ക് പുറത്തുള്ളവരെ ഉള്‍പ്പെടുത്താനും ഉപകരിച്ച വിപ്ലവകരമായ പദ്ധതി ആയിരുന്നു നോട്ട് അസാധുവാക്കല്‍ എന്നാണ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെടുന്നത്. നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ ഇടപാടുകളില്‍ വലിയ വര്‍ധനവ് ഉണ്ടായി എന്നും അഴിമതി കുറഞ്ഞു എന്നും കള്ളപ്പണം തടയാന്‍ കഴിഞ്ഞു എന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതേസമയം, ചൈനയേയും മറികടന്ന് കുതിച്ച ഇന്ത്യന്‍ സമ്പദ്‌വ്യസ്ഥയ്ക്കുള്ള വേഗത്തടയായിരുന്നു നോട്ട് അസാധുവാക്കല്‍ എന്ന് ചില സാമ്പത്തിക വിദഗ്ദ്ധര്‍ ഇന്നും വിശ്വസിക്കുന്നു. സംഘടിത കൊള്ളയും അധികാരമുപയോഗിച്ചുള്ള പിടിച്ചുപറയുമാണ് നോട്ട് അസാധുവാക്കല്‍ എന്നായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭയില്‍ പ്രസംഗിച്ചത്. മൊത്ത ആഭ്യന്തരഉത്പാദനത്തില്‍ രണ്ടു ശതമാനത്തിലേറെ ഇടിവുണ്ടാകും എന്ന മന്‍മോഹന്‍ സിംഗിന്റെ പ്രവചനം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു. വീണ്ടുവിചാരം ഇല്ലാതെ നടത്തിയ നോട്ട് അസാധുവാക്കല്‍ തെറ്റായ തീരുമാനമാണെന്ന് പറയാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ആരോപണ പ്രത്യാരോപണങ്ങള്‍ ഇങ്ങനെ തുടരുന്നതിനിടയിലും നോട്ട് അസാധുവാക്കല്‍ ബിജെപിക്ക് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിളക്കമാര്‍ന്ന വിജയമാണ് നല്‍കിയത്. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തില്‍ തെരെഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നോട്ടു അസാധുവാക്കലും ജിഎസ്ടിയുമാണ് മുഖ്യ തെരെഞ്ഞെടുപ്പ് വിഷയങ്ങള്‍. മോദി സര്‍ക്കാര്‍ കൊണ്ട് വന്ന ഈ സാമ്പത്തിക നടപടികള്‍ ഇത്തവണ   ആര്‍ക്ക് ഗുണം ചെയ്യും എന്നാണ് അറിയേണ്ടത്.

DONT MISS
Top