വണ്‍ പ്ലസ് 5ടി എത്തുന്നത് ഈ മാസം 16ന്; ഹെഡ്‌ഫോണ്‍ ജാക്ക്, വില എന്നിവയേപ്പറ്റിയുള്ള സൂചനകളും പുറത്ത്

പുതിയ വണ്‍ പ്ലസ് സ്മാര്‍ട്ട്‌ഫോണായ 5ടി എത്തുന്നത് ഈ മാസം 16ന് എന്ന് ഔദ്യോഗിക സ്ഥിരീകരണം. ഫോണില്‍ 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടാകും എന്ന് കമ്പനി തന്നെ ഉറപ്പിച്ചു. നേരത്തെയെത്തിയ ഐഫോണിന്റെ പാത പിന്തുടര്‍ന്ന് ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടായേക്കില്ല എന്ന അഭ്യൂഹങ്ങള്‍ പരന്നതിനേത്തുടര്‍ന്നാണിത്. ഫോണിന്റെ വില 39000 രൂപയ്ക്ക് മുകളിലാകില്ല എന്നും ഉറപ്പായിട്ടുണ്ട്. ഫോണ്‍ വാങ്ങാന്‍ 4000 ചൈനീസ് യുവാന്‍ മതിയാകുമോ എന്ന സോഷ്യല്‍ മീഡിയയിലെ ആരാധകന്റെ ചോദ്യത്തിനാണ് ധാരാളം മതി എന്ന ഉത്തരം ഔദ്യോഗികമായി ഉണ്ടായിരിക്കുന്നത്.

ഗ്യാലക്‌സി എസ്8 എന്ന മോഡലിനോട് കാഴ്ച്ചയില്‍ സാമ്യമുണ്ടാകും പ്രമുഖ വണ്‍ പ്ലസ് 5ടിക്ക്. വലിയ അരിക് ഇല്ലാത്ത ഡിസ്‌പ്ലേ അതീവ സുന്ദരമായിരിക്കും. ഇതുവരെ സാധാരണ ഡിസ്‌പ്ലേ കാരണം വണ്‍പ്ലസ് വാങ്ങാന്‍ മടിച്ചുനിന്നവര്‍ ഇതോടെ തീരുമാനം മാറ്റും. 18:9 അനുപാതത്തിലുളള ഡിസ്‌പ്ലേയാകും ഇത്.

ഇതുവരെയിറങ്ങിയ സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും മികച്ച ഒന്നെന്ന് പറയാന്‍ സാധിക്കുന്ന ഒരു മോഡലാകും വണ്‍ പ്ലസ് 5ടി. സ്‌നാപ്പ് ഡ്രാഗണ്‍ 835 പ്രൊസസ്സറും അഡ്രിനോ 540 ജിപിയു, 8 ജിബി റാം, 20 മെഗാ പിക്‌സലും 16 മെഗാപിക്‌സലും ശേഷിയുള്ള ഇരട്ട പിന്‍ ക്യാമറകളുമടങ്ങിയ കനത്ത സ്‌പെസിഫിക്കേഷനാണ് ഫോണിനെ കരുത്തനാക്കുന്നത്.

ബാറ്ററി ശേഷിയിലും ഡിസ്‌പ്ലേയിലും മാത്രമാണ് പ്രധാന മാറ്റങ്ങള്‍ ഉണ്ടാവുക. മുന്‍ഭാഗത്ത് സ്‌ക്രീന്‍ നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ മുന്നിലെ ഹോം ബട്ടണിലുണ്ടായിരുന്ന ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിന്നിലേക്ക് മാറും. ചതുരാകൃതിയില്‍ ഈ സെന്‍സര്‍ വണ്‍പ്ലസ് ബാഡ്ജിന് തൊട്ടുമുകളിലായി സ്ഥാനം പിടിക്കും. ഈ വിലനിലവാരത്തില്‍ ഒരു എതിരാളിയേ ഇല്ല എന്ന മട്ടിലാകും പിന്നീട് കാര്യങ്ങള്‍. വിലയില്‍ 100 ഡോളറില്‍ താഴയേ വ്യത്യാസംവരൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

DONT MISS
Top