‘കായംകുളം കൊച്ചുണ്ണി’യുടെ ചിത്രീകരണം പുരോഗമിക്കുന്നു; ജനപ്രിയ കള്ളനാകാന്‍ ഒരുങ്ങി നിവിന്‍ പോളി

കൊച്ചുണ്ണിയുടെ വേഷത്തില്‍ നിവിന്‍

റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘കായംകുളം കൊച്ചുണ്ണി’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂറിലെ ജനപ്രിയ കവര്‍ച്ചക്കാരനായ കൊച്ചുണ്ണിയുടെ യഥാര്‍ഥ ജീവിതം പ്രമേയമാകുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ബോബി-സഞ്ജയ് ടീമിന്റേതാണ് തിരക്കഥ.

നിവിന്റെ കരിയറിലെ ബിഗ്ബഡ്ജറ്റ് സിനിമയായിരിക്കും കായംകുളം കൊച്ചുണ്ണിയെന്നാണ് ലഭിക്കുന്ന വിവരം. 15 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മംഗലാപുരത്തും പരിസര പ്രദേശങ്ങളിലെയും ചിത്രീകരണം കഴിഞ്ഞാലുടന്‍ ടീം ശ്രീലങ്കയിലേക്ക് പോകും. ശ്രീലങ്കയിലെ വനപ്രദേശങ്ങളില്‍ അവസാന ഘട്ട ഷൂട്ടിംഗ് നടത്താനാണ് തീരുമാനം.

കായംകുളം കൊച്ചുണ്ണിയുടെ വേഷം ചെയ്യാന്‍ നിവിന്‍ കളരിപ്പയറ്റ്, കുതിര സവാരി എന്നിവയും മറ്റ് അഭ്യാസമുറകളും പരിശീലിച്ചതായാണ് വിവരം. അമലപോളാണ് നായികയായെത്തുന്നത്. കൊച്ചുണ്ണിയുടെ ജീവിതത്തില്‍ അറിയപ്പെടാതെ പോയ സംഭവങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു. അടുത്ത വര്‍ഷം ചിത്രം തിയറ്ററുകളില്‍ എത്തും.

DONT MISS
Top