വായു മലിനീകരണം രൂക്ഷമായി; ദില്ലിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പുകമഞ്ഞു വീഴ്ച

ദില്ലി : വായു മലിനീകരണം രൂക്ഷമായതിനെതുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദില്ലിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്നും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ കെകെ അഗര്‍വാള്‍ പറഞ്ഞു.

ദില്ലിയില്‍ നവംബര്‍ 19 ന് നടക്കാനിരുന്ന ഹാഫ് മാരത്തോണ്‍ മാറ്റിവെയ്ക്കാനും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യാ ഗേറ്റ് ഉള്‍പ്പടെ നിരവധി സ്ഥലങ്ങളില്‍ രാവിലെ മുതല്‍ ശക്തമായ പുകമഞ്ഞ് വീഴ്ച ഉണ്ടായത് സ്ഥിതി ഗതികള്‍ കൂടുതല്‍ രൂക്ഷമാക്കി.

ഇന്ന് രാവിലെ ആകുമ്പോഴേക്കും ദില്ലിയിലെ വായുവിന്റെ ഗുണനിലവാര സൂചിക 396 ലേക്ക് എത്തിയിരുന്നു. പൂജ്യം മുതല്‍ 50 വരെയാണ് മികച്ച നിലവാരമായി കണക്കാക്കുന്നത്. മാലിന്യവും ഈര്‍പ്പവും ചേര്‍ന്ന് പുകയ്ക്ക് സമാനമായ വായുവാണ് ദില്ലിയില്‍ മിക്ക സ്ഥലങ്ങളിലും ഉള്ളത്. ഇത് ശ്വസിക്കുന്നതു മൂലം ജനങ്ങള്‍ക്ക് വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

രാജ്യ തലസ്ഥാനത്ത് രൂക്ഷമായി തുടരുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ അധികാരികള്‍ നടപടി എടുത്തില്ലെങ്കില്‍ ദില്ലിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച മാരത്തോണ്‍  മാറ്റി വെക്കുമെന്ന് തിങ്കളാഴ്ച തന്നെ സ്‌പോണ്‍സര്‍മാരായ ഭാരതി എയര്‍ടെല്‍ അറിയിച്ചിരുന്നു.

DONT MISS
Top