പിറന്നാള്‍ ആഘോഷങ്ങളില്ല; ആരാധകരുമായി സംവദിക്കാന്‍ ആപ്പുമായി കമല്‍ഹാസന്‍

കമല്‍ഹാസന്‍ ക്യാംപില്‍ പങ്കെടുത്തപ്പോള്‍

ചെന്നൈ: രാഷ്ട്രീയ പ്രഖ്യാപനം ഉടനില്ലെന്ന് വ്യക്തമാക്കി നടന്‍ കമല്‍ഹാസന്‍. എന്നാല്‍ തന്റെ രാഷ്ട്രീയ പ്രവേശനം സമീപ ഭാവിയില്‍ തന്നെ ഉണ്ടാകുമെന്ന് താരം വ്യക്തമാക്കി. 63-ാം ജന്മദിനമായ ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പകരം ജനങ്ങളുമായി സംവദിക്കാന്‍ മൊബെെല്‍ ആപ്പ് പ്രഖ്യാപിച്ചുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വ്യക്തമായ സൂചന ഇന്നുണ്ടാകുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി പ്രഖ്യാപനം ഉടനില്ലെന്ന് സ്ഥിരീകരിച്ച  താരം  ജനങ്ങളുമായും ആരാധകരുമായും  ആശയവിനിമയം നടത്താന്‍  ‘മയ്യം വിസില്‍’ എന്ന പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന പ്രഖ്യാപിച്ചു. സന്നദ്ധസേവനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിനും പുതിയ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തും.  ജനുവരിയോടെ ആപ്പ് പുറത്തിറക്കും.

പരമാവധി ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുമായി സംവദിക്കാനുമാണ് ആപ് പുറത്തിറക്കുന്നതെന്ന് താരം പറഞ്ഞു. ആര്‍ക്കും എവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളും ആപ് വഴി അറിയിക്കാം. ഇതിന് പരിഹാരം കണ്ടെത്തുമെന്നും ഉലകനായകന്‍ വ്യക്തമാക്കി.

രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ താഴെതട്ടിലിറങ്ങി ഇനിയും കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതിനായി ചര്‍ച്ചകളും വിലയിരുത്തലുകളും നടത്തുകയാണ്. തമിഴ്‌നാട്ടില്‍ ഉടനീളം യാത്രചെയ്ത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ പദ്ധതിയുണ്ട്. കമല്‍ പറഞ്ഞു.

അതേസമയം, അറുപത്തിമൂന്നാം ജന്‍മദിനത്തില്‍ താരം ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചു. ചെന്നൈയിലെ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ആഘോഷങ്ങള്‍ക്ക് പകരം കമല്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണ് സമയം ചെലവഴിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി താരത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും നവംബര്‍ ഏഴിന് വ്യക്തത വരുത്തുമെന്നാണ്കമല്‍ഹാസന്‍ പറഞ്ഞിരുന്നത്. നേരത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രംഗത്തെത്തിയതും, ദില്ലി, കേരള മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയും രാഷ്ട്രീയ നിരീക്ഷകര്‍ ആകാംക്ഷയോടെയായിരുന്നു നോക്കിക്കണ്ടത്.

DONT MISS
Top