ഹിമാചലില്‍ ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് വ്യാഴാഴ്ച

വീര്‍ഭദ്രസിംഗ്, പ്രേംകുമാര്‍ ധൂമല്‍

ഷിംല: ഹിമാചല്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്ച ഒറ്റഘട്ടമായാണ് സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്.  ഡിസംബര്‍ 18ന് ഗുജറാത്തിലെ വോട്ടെണ്ണല്ലിനൊപ്പമാണ് ഹിമാചലിലും വോട്ടണ്ണല്‍ നടക്കുന്നത്.

68 അംഗ ഹിമാചല്‍പ്രദേശ് നിയമസഭയുടെ കാലാവധി 2018 ജനുവരി ഏഴിനാണ് ആണ് അവസാനിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ നവംബര്‍ പകുതി കഴിയുന്നതോടെ മഞ്ഞ് വീഴ്ച രൂക്ഷമാകുമെന്നതിനാല്‍ പോളിംഗിന് ബുദ്ധിമുട്ട് നേരിടുമെന്നതിനാലാണ് സംസ്ഥാനത്ത് നേരത്തെ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

വോട്ടെടുപ്പില്‍ ചെയ്യപ്പെടുന്ന വോട്ട് കടലാസില്‍ രേഖപ്പെടുത്തുന്ന വിവിപാറ്റ് സംവിധാനം തെരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തുമെന്നും ഓരോ മണ്ഡലത്തിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവുമായ വീര്‍ഭദ്രസിംഗാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. സംസ്ഥാനത്ത് ഒരു കക്ഷിക്കും സ്ഥിരമായി ഭരണം കിട്ടാത്ത ചരിത്രം കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്. ഭരണവിരുദ്ധവികാരവും വീര്‍ഭദ്രസിംഗിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളും അഴിമതിക്കേസുകളും പരമാവധി മുതലെടുത്തായിരുന്നു ബിജെപി ക്യാമ്പിന്റെ പ്രചാരണം. മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധൂമലാണ് ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ വഹിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് നടപ്പാക്കിയ വിവിധ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് എതിരാളികളെ പ്രതിരോധിക്കുന്നത്.

ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളും കോണ്‍ഗ്രസ് പാളയത്തില്‍ കല്ലുകടിയായി അവശേഷിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടി പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും ഒരു തവണ കൂടി മുഖ്യമന്ത്രിയാകാന്‍ അരയും തലയും മുറുക്കി പ്രചാരണരംഗത്തുള്ള വീര്‍ഭദ്രസിംഗിനെതിരേ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുഖ്‌വീന്ദര്‍ സിംഗ് സുക്കുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ശക്തമായ നീക്കമാണ് നടത്തുന്നത്. തന്റെ പിന്‍ഗാമിയാക്കാന്‍ വീര്‍ഭദ്രസിംഗ് ഉയര്‍ത്തിക്കൊണ്ടുവരുന്ന മകന്‍ വിക്രമാദിത്യസിംഗും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണ്. മകന് വേണ്ടി തന്റെ തട്ടകമായ ഷിംല റൂറല്‍ മണ്ഡലം ഒഴിഞ്ഞ് കൊടുത്ത് ഇത്തവണ വീര്‍ഭദ്രസിംഗ് മത്സരിക്കുന്നത് ആര്‍ക്കി മണ്ഡലത്തിലാണ്.

കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തിയാലും മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി വീര്‍ഭദ്രസിംഗും പിസിസി അദ്ധ്യക്ഷന്‍ സുഖ്‌വീന്ദര്‍ സിംഗും തമ്മില്‍ കടുത്തമത്സരമുണ്ടാകുമെന്ന് വ്യക്തമാണ്. ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് ശേഷം മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാമിന്റെ മകനും സംസ്ഥാനത്തെ പ്രമുഖ നേതാവും മന്ത്രിയുമായിരുന്ന അനില്‍ ശര്‍മ്മ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന പ്രേംകുമാര്‍ ധൂമലിനെതിരെ ബിജെപി പാളയത്തിലും പടയൊരുക്കം നടക്കുന്നുണ്ട്. ബിജെപി നേതൃത്വം ധൂമല്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയായിരുന്ന ധൂമലിന്റെ ഭരണത്തോടുള്ള എതിര്‍പ്പാണ് കഴിഞ്ഞതവണ കോണ്‍ഗ്രസിനെ ഭരണത്തില്‍ തിരിച്ചെത്തിച്ചതെന്നും ധൂമലിന് പകരം പുതിയ നേതൃത്വത്തെ സംസ്ഥാന ബിജെപിയിലും ഭരണത്തിലും ഉയര്‍ത്തിക്കൊണ്ടുവരണമെന്നാണ് മറുവിഭാഗത്തിന്റെ വാദം. എങ്കിലും 73 വയസുകാരനായ പ്രേംകുമാര്‍ ധൂമലിന് പകരം വയ്ക്കാന്‍ ജനകീയമായ ഒരു മുഖം വേറെയില്ലെന്നതാണ് ഇവരുടെ വെല്ലുവിളി.

DONT MISS
Top