നിമിഷ നേരത്തെ അശ്രദ്ധ; റഷ്യയില്‍ മൃഗശാലാ ജീവനക്കാരിയെ കടുവ കടിച്ചു കീറി

യുവതിയെ കടുവ ആക്രമിക്കുന്നു

മോസ്‌കോ : കാഴ്ചക്കാരുടെ മുന്‍പില്‍വെച്ച് മൃഗശാലാ സൂക്ഷിപ്പുകാരിയെ കടുവ കടിച്ചു കീറി. റഷ്യയിലെ കലിന്‍ഗ്രാഡ് മൃഗശാലയിലാണ് ദാരുണ സംഭവം നടന്നത്. സൈബീരിയന്‍ കടുവയ്ക്ക്  ജീവനക്കാരി ഭക്ഷണം നല്‍കാന്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. ടൈഫൂണ്‍ എന്ന കടുവയാണ് ജീവനക്കാരിയെ ആക്രമിച്ചത്.

കടുവയെ കൂട്ടിലടച്ചതിനുശേഷം കൂട്ടിനു പുറത്തുള്ള സ്ഥലത്താണ് സാധാരണ ഭക്ഷണം നല്‍കാറുള്ളത്. എന്നാല്‍ കഴിഞ്ഞദിവസം യുവതി കടുവയെ കൂട്ടിലടച്ചുവെങ്കിലും കൂട് അടയ്ക്കാന്‍ മറന്നു പോയി. ഭക്ഷണവുമായി കൂടിനു പുറത്തുള്ള പ്രദേശത്ത് എത്തിയ യുവതിയുടെ ദേഹത്ത് കടുവ ചാടി വീഴുകയായിരുന്നു.

യുവതിയെ കടുവ ആക്രമിക്കുന്നതുകണ്ട സന്ദര്‍ശകര്‍ ഒച്ചവെക്കുകയും കൈയ്യില്‍ കിട്ടിയ സാധനങ്ങളൊക്കെ എടുത്ത് കടുവയെ എറിയുകയും ചെയ്തു. എന്നിട്ടും കടുവ പിന്മാറാന്‍ തയ്യാറായില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കടുവ താനെ പിന്മാറുകയായിരുന്നു.

സാരമായി പരിക്കേറ്റ യുവതിയുടെ ശരീരത്തില്‍ കടുവയുടെ പല്ലും നഖവും ആഴ്ന്നിറങ്ങുകയും ചോര വാര്‍ന്നു പോവുകയും ചെയ്തു. കടുവ പിന്‍വാങ്ങിയപ്പോള്‍ മൃഗശാല അധികൃതര്‍ എത്തി കടുവയെ കൂട്ടിലടച്ച ശേഷമാണ് യുവതിയെ രക്ഷിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

DONT MISS
Top