പതിനൊന്നാം മത്സരത്തിലും ബാഴ്‌സയ്ക്ക് തോല്‍വിയില്ല; ലാപാമാസിനെ തകര്‍ത്ത് റയല്‍ വിജയവഴിയില്‍

സീസണില്‍ തോല്‍വിയറിയാതെ ബാഴ്‌സലോണ ലാലിഗയില്‍ പതിനൊന്നാം മത്സരവും പൂര്‍ത്തിയാക്കി. രണ്ട് തുടര്‍ തോല്‍വികള്‍ക്കു ശേഷം ലാപാമാസിനെ മൂന്ന് ഗോളിന് തകര്‍ത്ത് റയല്‍ മാഡ്രിഡും വിജയവഴിയിലേക്ക് തിരിച്ചുവന്നു. ലീഗ് ടേബിളില്‍ ആറാം സ്ഥാനത്തുള്ള സെവിയ്യയെ 2-1-ന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ പതിനൊന്നാം മത്സരത്തിലും തോല്‍വി ഒഴിവാക്കിയത്. സ്വന്തം മൈതാനമായ നൗകാംപില്‍ നടന്ന മത്സരം പക്ഷേ ആരാധകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല.

മെസിയും ഇനിയസ്റ്റയും പിക്യുവും റാക്കിട്ടച്ചും സുവാരസും തുലച്ച അവസരങ്ങള്‍ക്ക് കണക്കുണ്ടായില്ല. ഏഴുഗോളിനെങ്കിലും ജയിക്കാമായിരുന്ന മത്സരമായിരുന്നു അത്. 23, 65 മിനിറ്റുകളില്‍ പാല്‍ക്കോ അല്‍ക്കസീറാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്. ബാഴ്‌സയ്ക്കുവേണ്ടി ഇതുവരെ ഒമ്പതു മത്സരങ്ങള്‍ കളിച്ചെങ്കിലും ലാലിഗയില്‍ ടീമിന്റെ ആദ്യ ഇലവനില്‍ പാല്‍ക്കോ ഇടം നേടുന്നത് ആദ്യമായിരുന്നു. മനോഹരമായ രണ്ട് ഗോളുകള്‍ സ്‌കോര്‍ ചെയ്തുകൊണ്ട് തന്റെ ദൗത്യം അനശ്വരമാക്കുകയും ചെയ്തു.

2012 ന് ശേഷം സെവിയ്യയ്‌ക്കെതിരെ മെസിയ്ക്ക് ഗോള്‍ നേടാന്‍ കഴിയാതെ പോയ ആദ്യമത്സരം കൂടിയായിരുന്നു ഇതെന്ന പ്രത്യേകതയുമുണ്ട്. മൂന്നവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ മെസിക്കായില്ല. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് ഇപ്പോള്‍ 31 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള വലന്‍സിയയേക്കാള്‍ അഞ്ചു പോയിന്റും മൂന്നാമതുള്ള അറ്റ്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ എട്ടുപോയിന്റും നാലാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ പതിനൊന്ന് പോയിന്റും മുന്നില്‍. പതിനൊന്ന് മത്സരം പൂര്‍ത്തിയായപ്പോള്‍ പത്തുവിജയവും ഒരു സമനിലയുമാണ് ബാഴ്‌സയുടെ സമ്പാദ്യം.

അസന്‍സിയോ

ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനത്തോട് 3-1-നും ലാലിഗയില്‍ ദുര്‍ബലരായ ജിറോണിനോട് 2-1-നും പരാജയപ്പെട്ട റയല്‍ മാഡ്രിഡിന്റെ ശക്തമായ തിരിച്ചുവരവാണ് ലാപാമാസിനെതിരെയുള്ള മത്സരത്തില്‍ കണ്ടത്. എങ്കിലും ലോകഫുട്‌ബോളറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വലചലിപ്പിക്കാനായില്ല.

നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ കാസിമെറോ, അമ്പത്തിയാറാം മിനിറ്റില്‍ അസന്‍സിയോ, എഴുപത്തിനാലാം മിനിറ്റില്‍ ഇസ്‌കോ എന്നിവരാണ് റയലിന്റെ ഗോളുകള്‍ നേടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് രണ്ടവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ഇതോടെ 11 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുനേടിയ റയല്‍ ഗോളുകളുടെ എണ്ണത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ പിന്തള്ളി പോയിന്റ് ടേബിളില്‍ മൂന്നാമതെത്തി.

DONT MISS
Top