ബാഴ്‌സയില്‍ 600 മത്സരങ്ങള്‍; മെസിയുടെ കളിജീവിതത്തില്‍ ഒരത്ഭുതം കൂടി

മെസി

ഫുട്ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസിയുടെ കളിജീവിതത്തില്‍ ഒരു പൊന്‍തൂവല്‍കൂടി. കഴിഞ്ഞ ദിവസം സെവിയ്യയ്‌ക്കെതിരെ മെസി പൂര്‍ത്തിയാക്കിയത് ബാഴ്‌സലോണാ ജെഴ്‌സിയില്‍ തന്റെ അറുനൂറാം മത്സരമായിരുന്നു. ക്ലബ്ബിന്റെ 117 വര്‍ഷം (ബാഴ്‌സലോണാ എഫ്‌സി സ്ഥാപിതമാകുന്നത് 1899 നവംബര്‍ 29-ന്) നീണ്ട ചരിത്രത്തില്‍ ഇതിഹാസതാരങ്ങള്‍ പലരും കളിച്ച് പോയെങ്കിലും അറുനൂറ് മത്സരം തികയ്ക്കാന്‍ മൂന്ന് പേര്‍ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളു. ലോകം കണ്ട എക്കാലത്തേയും മികച്ച മധ്യനിരക്കാരനായ സാവി ഹെര്‍ണാണ്ടസ് (767 മത്സരം), ഇപ്പോഴത്തെ നായകന്‍ ഇനിയസ്റ്റ (642-മത്സരം) ഇപ്പോള്‍ മെസിയ്ക്കും.

2004 ഒക്ടോബര്‍ 16-ന് സ്പാനിഷ് ലീഗില്‍ എസ്പാനിയോളിനെതിരെയാണ് ബാഴ്‌സലോണ സീനിയര്‍ ടീമിനുവേണ്ടി മെസി തന്റെ ആദ്യമത്സരം കളിക്കുന്നത്. ഡച്ച് ഇതിഹാസതാരമായിരുന്ന റെക്കാഡായിരുന്നു അന്ന് ബാഴ്‌സയുടെ പരിശീലകന്‍. മത്സരത്തിന്റെ എണ്‍പത്തിരണ്ടാം മിനിറ്റില്‍ സാമുവല്‍ എറ്റുവിന്റെ പകരക്കാരനായിട്ടായിരുന്നു മെസിയുടെ രംഗപ്രവേശം. ആ സീസണില്‍ ഒമ്പതുമത്സരങ്ങളിലായി മെസിക്കു കളിക്കാന്‍ കഴിഞ്ഞത് വെറും 77 മിനിറ്റ് മാത്രമായിരുന്നു.

അടുത്ത സീസണ്‍ മുതല്‍ തിരിഞ്ഞു നോക്കേണ്ടി വന്നതുമില്ല. ഒരു ഫുട്‌ബോളറെ സംബന്ധിച്ച് ഒരേക്ലബ്ബില്‍ അറുനൂറ് മത്സരം എന്നത് ഒട്ടും അനായാസമല്ല. കളിക്കാരന്റെ എല്ലാ അര്‍ത്ഥത്തിലുമുള്ള ക്ലാസിനെയാണ് അത് വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ സാവിയേയും മറികടന്നുപോകാന്‍ മെസിക്ക് കഴിയും. സാവി തന്റെ മുപ്പത്തിയാറാം വയസിലാണ് ബാഴ്‌സലോണയില്‍ നിന്ന് പിന്‍വാങ്ങുന്നത്. മെസിക്ക് മുപ്പതുകഴിഞ്ഞിട്ടേയുള്ളു. ഇതേ ഫോമില്‍ അദ്ദേഹത്തിന് അഞ്ചോ ആറോ വര്‍ഷം കൂടി കളത്തില്‍ നില്‍ക്കാന്‍ പ്രയാസമുണ്ടാകില്ല. അത് മറ്റൊരു തിളങ്ങുന്ന ചരിത്രമാകുമെന്ന കാര്യവും ഉറപ്പാണ്.

ഇത്രയും മത്സരങ്ങളില്‍ നിന്ന് 523 ഗോളുകളും അദ്ദേഹം നേടി. ലാലിഗയില്‍ മാത്രം 360 ഗോളുകളും. അഞ്ചു തവണ ബാലന്‍ ഡി ഓര്‍ നേടിയ മെസി ഇനിയും തന്റെ കളിജീവിതത്തില്‍ സൂഷിക്കുന്നത് എന്തെന്ത് അത്ഭുതങ്ങളാകാം. കാലവും ആരാധകരും കാത്തിരിക്കുന്നു.

സെവിയ്യയ്‌ക്കെതിരെ നടന്ന മത്സരത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മെസിയുടെ നേട്ടത്തെ ‘ഭീകരം’ എന്ന വാക്കുകൊണ്ടാണ് ബാഴ്‌സ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദ വിശേഷിപ്പിച്ചത്. അതിനപ്പുറത്ത് മറ്റൊരു വിശേഷണമില്ല.

DONT MISS
Top