വനിതകളും തകര്‍ത്തു, ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്

കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദം


കക്കമിഗഹാര: വനിതാ ഏഷ്യാകപ്പ് ഹോക്കി കിരീടവും ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലില്‍ അയല്‍ക്കാരും ചിരവൈരികളുമായ ചൈനയെ സഡന്‍ ഡെത്തില്‍ (5-4) തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ കിരീടം ചൂടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോഗോളടിച്ച് തുല്യനിലയിലായിരുന്നു. ജപ്പാനെ 1-0 ന് തോല്‍പ്പിച്ച് ദക്ഷിണ കൊറിയ മൂന്നാം സ്ഥാനം സ്വന്തമാക്കി. രണ്ടാഴ്ച മുന്‍പ് നടന്ന പുരുഷ വിഭാഗത്തിലും ഇന്ത്യ കിരീടം നേടിയിരുന്നു.

ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം. കിരീടവിജയത്തോടെ ഇന്ത്യന്‍ വനിതകള്‍ 2018 ലെ ലണ്ടന്‍ ലോകകപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു.

ഇന്ത്യന്‍ വനിതകളുടെ രണ്ടാമത്തെ ഏഷ്യാകപ്പ് കിരീടമാണിത്. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. നേരത്തെ 2004 ലായിരുന്നു ആദ്യമായും അവസാനമായും ഇന്ത്യയുടെ പെണ്‍പട ഏഷ്യാകപ്പ് ഹോക്കി കിരീടം സ്വന്തമാക്കിയത്.

നിശ്ചിതസമയത്ത് ഇരുടീമുകളും 1-1 എന്ന നിലയില്‍ തുല്യത പാലിച്ചതോടെ മത്സരം സഡന്‍ ഡെത്തിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിന്റെ 25 ആം മിനിട്ടില്‍ നവജ്യോത് കൗര്‍ നേടിയ ഗോളിലൂടെ ആദ്യ പകുതിയില്‍ ഇന്ത്യ 1-0 ന് മുന്നിട്ട് നിന്നു. എന്നാല്‍ 47 ആം മിനിട്ടില്‍ ടിയാന്‍ടിയാനിലൂടെ ചൈന സമനില നേടി. സഡന്‍ ഡെത്തില്‍ ഇന്ത്യ നാല് ഗോളുകളും സ്‌കോര്‍ ചെയ്തപ്പോള്‍ ചൈന ഒരെണ്ണം പാഴാക്കി. ടൂര്‍ണമെന്റില്‍ കൗറിന്റെ ഗോള്‍ നേട്ടം അഞ്ചായി.

ഗ്രൂപ്പ് ഘട്ടത്തില്‍ ചൈനയെ 4-1 ന് തകര്‍ത്ത ഇന്ത്യയ്ക്ക് പക്ഷെ ഫൈനലില്‍ ശക്തമായ ചെറുത്ത് നില്‍പ്പാണ് നേരിടേണ്ടി വന്നത്. ടൂര്‍ണമെന്റിലാകെ 28 ഗോളുകളാണ് ഇന്ത്യന്‍ പെണ്‍പട അടിച്ചുകൂട്ടിയത്.

രണ്ടാഴ്ച മുന്‍പ് നടന്ന പുരുഷ വിഭാഗം ടൂര്‍ണമെന്റില്‍ മലേഷ്യയെ 2-1ന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.

DONT MISS
Top