‘കമൽഹാസനെതിരായ ഭീഷണി മത നിരപേക്ഷതയ്ക്കെതിരായ കൊലവിളി’; പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി

പിണറായി വിജയന്‍ ( ഫയല്‍ ചിത്രം )

നടന്‍ കമല്‍ഹാസനെതിരെ കൊലവിളി പ്രസംഗം നടത്തിയ ഹിന്ദു മഹാസഭ നേതാവിനെ വിമര്‍ശിച്ചും സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ഫാസിസ്റ്റ് മനസ്സുള്ള മത വര്‍ഗീയ ശക്തികളെ നിയമപരമായി നേരിടണമെന്ന് മുഖ്യമന്ത്രി പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

കമല്‍ഹാസനെതിരെ വധഭീഷണി മുഴക്കിയ വര്‍ഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. ജനാധിപത്യ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമല്‍ഹാസനെ നിശബ്ദനാക്കാന്‍ ഇത്തരം കൊലവിളികള്‍ക്കും ഭീഷണികള്‍ക്കും ആവില്ല. മുഖ്യമന്ത്രി പറയുന്നു.

മഹാത്മജിക്കും ഗോവിന്ദ് പന്‍സാരെ, ധാബോല്‍ക്കര്‍, കലബുര്‍ഗി, ഗൗരി ലങ്കേഷ് എന്നീ മഹദ് ജീവിതങ്ങള്‍ക്കും എന്ത് സംഭവിച്ചു എന്ന് ഈ രാഷ്ട്രത്തിനറിയാം. ആ ശ്രേണിയിലേക്ക് ഇനിയും പേരുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണം.

മതനിരപേക്ഷതയുടെ കൊടി ഉയര്‍ത്തി ജനങ്ങള്‍ അണിനിരക്കുന്ന മുന്നേറ്റമാണ് ഈ കുടില ശക്തികള്‍ക്കെതിരെ രാജ്യത്താകെ ഉയരേണ്ടത്. വര്‍ഗീയ വിഭാഗീയ അജണ്ടയുമായി ജനങ്ങളെ വിഭജിക്കാനും സാമൂഹിക ജീവിതം കലുഷമാക്കാനും അശാന്തി വിതയ്ക്കാനും മുതിരുന്ന ഒരു ശക്തിയെയും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറയുന്നു. കമല്‍ഹാസനെതിരായ ഭീഷണി മത നിരപേക്ഷതയ്‌ക്കെതിരായ കൊലവിളി തന്നെയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കമല്‍ഹാസനെ വെടിവെച്ച് കൊല്ലണമെന്ന ആഹ്വാനവുമായാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് പണ്ഡിറ്റ് അശോക് ശര്‍മ ഇന്ന് രംഗത്തെത്തിയത്.  രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശം നടത്തിയ കമല്‍ഹാസന്‍ ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുകയാണെന്നും അശോക് ശര്‍മ പറയുന്നു.

കമല്‍ഹാസനെയോ അദ്ദേഹത്തെ പോലെയുള്ളവരെയോ ഒന്നുകില്‍ വെടിവെച്ച് കൊല്ലുകയോ തൂക്കികൊല്ലുകയോ വേണം. അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമായിരിക്കുമെന്നും അശോക് ശര്‍മ പറയുന്നു. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നും അശോക് ശര്‍മ പറയുന്നു.

DONT MISS
Top