വിമാന യാത്രയ്ക്കിടെ മോശം പെരുമാറ്റം: ഇന്‍ഡിഗോ ജീവനക്കാരനെതിരെ പരാതിയുമായി പിവി സിന്ധു

മുംബൈ: വിമാന യാത്രയ്ക്കിടെയുണ്ടായ മോശം അനുഭവം പങ്കു വെച്ച് ബാഡ്മിന്റണ്‍ താരം പിവി സിന്ധു. മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ വെച്ച് ഗ്രൗണ്ട് സ്റ്റാഫായ അജിതേഷ് എന്ന വ്യക്തിയില്‍ നിന്ന് മോശമായ പെരുമാറ്റമുണ്ടായി എന്നാണ് സിന്ധു വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ അനുഭവം സിന്ധു പങ്കു വെച്ചത്.

അജിതേഷ് എന്നയാള്‍ വളരെ മോശമായും പരുക്കനായുമാണ് തന്നോട് പെരുമാറിയതെന്ന് മറ്റൊരു പോസ്റ്റില്‍ സിന്ധു കുറിച്ചു. അജിതേഷിന്റെ പെരുമാറ്റം കണ്ട് അഷിത എന്ന എയര്‍ഹോസ്റ്റസ് ഇയാളോട് മാന്യമായി പെരുമാറാന്‍ ആവശ്യപ്പെട്ടെങ്കിലും  അഷിതയോടും അയാള്‍ ദേഷ്യപ്പെടുകയായിരുന്നുവെന്ന് സിന്ധു പോസ്റ്റില്‍ കുറിച്ചു.

ഇതുപോലെയുള്ള ജീവനക്കാരെ നിലനിര്‍ത്തുന്നത് വഴി ഇന്‍ഡിഗോ പോലുള്ള എയര്‍ലൈന് ചീത്തപ്പേരുണ്ടാകുമെന്നും സിന്ധു വ്യക്തമാക്കി. സിന്ധുവിന്റെ ട്വീറ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിന്ധുവിനെപ്പോലെ രാജ്യത്തിന് അഭിമാനമായ ഒരാള്‍ക്ക് നേരെ ഇങ്ങനെയുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ സാധാരണക്കാരോടുള്ള പെരുമാറ്റം എങ്ങനെയായിരിക്കും എന്നും പലരും ചോദിച്ചു.

ട്വീറ്റ് വൈറലാവുകയും കമന്റുകളും ചോദ്യങ്ങളും വര്‍ദ്ധിക്കുകയും ചെയ്തതോടെ എയര്‍ഹോസ്റ്റ്‌സ് അഷിതയോട് ചോദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന് വ്യക്തമാക്കി സിന്ധു മറ്റൊരു സ്റ്റാറ്റസ് കൂടി പോസ്റ്റ് ചെയ്തു.

കായികരംഗത്ത് നിന്നുള്ളവര്‍ക്ക് വിമാനയാത്രയ്ക്കിടെ മോശം പെരുമാറ്റം നേരിടേണ്ടി വരുന്നത് ഇതാദ്യമായല്ല. ഇതിനു മുന്‍പ് സച്ചിന്‍ ടെണ്ടുല്‍ക്കറിനും ഹര്‍ഭജന്‍ സിങ്ങിനും സമാന അനുഭവങ്ങളുണ്ടായിട്ടുണ്ട്. ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സിനും ജെറ്റ് എയര്‍വെയ്‌സിനുമെതിരെ ഇരുവരും ആരോപണമുന്നയിച്ചിരുന്നു.

DONT MISS
Top