ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച ക്ലാസിക് പോരാട്ടങ്ങള്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച ക്ലാസിക് മത്സരങ്ങള്‍. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി അഞ്ചാം സ്ഥാനത്തുള്ള അഴ്‌സണലിനേയും രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാം സ്ഥാനത്തുള്ള ചെല്‍സിയെയും നേരിടും.

പത്തുമത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒമ്പത് വിജയവും ഒരു സമനിലയുമായി 28 പോയിന്റോടെ ഒന്നാം സ്ഥാനത്തുള്ള പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. 35 ഗോളുകള്‍ എതിരാളികളുടെ വലയില്‍ എത്തിച്ച സിറ്റി ആറുഗോള്‍ മാത്രമാണ് തിരിച്ചുവാങ്ങിയിട്ടുള്ളത്. ടീമിന്റെ എല്ലാ പൊസിഷനും ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്നു എന്നാണ് ഇതുകാണിക്കുന്നത്. ഇക്കാര്യത്തില്‍ ഞായറാഴ്ചയും മാറ്റം വരണമെന്നില്ല. താന്‍ ഇതുവരെ പരിശീലിപ്പിച്ച ടീമുകളില്‍ ഏറ്റവും മികച്ചത് ഇപ്പോഴത്തെ സിറ്റി ടീമാണെന്ന് ഗാര്‍ഡിയോള അടുത്ത ദിവസമാണ് അഭിമാനം കൊണ്ടത്.

പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും സീസണില്‍ ലക്ഷ്യം വെയ്ക്കുന്ന സിറ്റി അതിലേക്കുള്ള സൂക്ഷ്മയാത്രയിലാണിപ്പോള്‍. നിര്‍ഭാഗ്യമൊഴിച്ചാല്‍ മറ്റൊന്നും ഇപ്പോള്‍ അവരെ തടയാനില്ല. കഴിഞ്ഞ ബുധനാഴ്ച നടന്ന ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് മത്സരങ്ങളിലൊന്നില്‍ 4-2 ന് ഇറ്റാലിയന്‍ ടീം നാപ്പോളിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതിലെ വീറും അവര്‍ക്കുണ്ടാകും. കെയില്‍ വാക്കര്‍, ഡേവിഡ് സില്‍വ, ജീസസ് നവാസ് എന്നിവര്‍ നാളെ ആദ്യ ഇലവനില്‍ കളിക്കുമെന്നത് സിറ്റിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്ന കാര്യമാണ്. പരുക്കേറ്റ് വിശ്രമിക്കുന്ന വിന്‍സെന്റ് കോമ്പനി, ബഞ്ചമിന്‍ മെന്‍ഡി എന്നിവര്‍ ടീമിലുണ്ടാകില്ല. എന്നാല്‍ ഇതൊന്നും ഇപ്പോഴത്തെ ഫോമില്‍ സിറ്റിയെ അലട്ടാന്‍ പോന്ന കാര്യങ്ങളല്ല. ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് എഫില്‍ 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണിപ്പോഴവര്‍.

എതിരാളികളായ അഴ്‌സണലിന് കാര്യങ്ങള്‍ പക്ഷേ എളുപ്പമല്ല. യൂറോപ്പാ ലീഗിലെ ഗ്രൂപ്പ് എച്ചില്‍ പത്തുപോയിന്റോടെ ഒന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ ദിവസം സ്പാനിഷ് ടീം അത്‌ലറ്റിക്കോ ബില്‍ബാവയോട് ഒരു ഗോളിന് പരാജയപ്പെട്ടത് അവരുടെ ദൗര്‍ബല്യങ്ങളെത്തന്നെയാണ് തുറന്നു കാട്ടുന്നത്. അതോടൊപ്പം ചരിത്രത്തിലെന്നും അവര്‍ നിലനിര്‍ത്തിപ്പോരുന്ന പ്രകടനത്തിലെ അനിശ്ചിതത്വവും വിനയാകുന്നുണ്ട്. കളിക്കാരൊന്നും പരുക്കിന്റെ പിടിയിലല്ല എന്നുള്ളത് പരിശീലകനായ അഴ്‌സന്‍ വെംഗര്‍ക്ക് ആശ്വാസമാണ്. എന്തായാലും സിറ്റി-അഴ്‌സണല്‍ പോരാട്ടം തീപാറുമെന്നുറപ്പാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സീസണില്‍ മികച്ച ഫോമിലാണെങ്കിലും ടീം പരിശീലകനായ മൗറീന്യോയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നുണ്ടോയെന്നത് സംശയമാണ്. അതിന്റെ നീരസം അദ്ദേഹം ചിലപ്പോഴെങ്കിലും പ്രകടിപ്പിക്കുന്നുമുണ്ട്. പത്തു മത്സരങ്ങളില്‍ നിന്ന് 23 പോയിന്റ് നേടിയിട്ടുള്ള യുണൈറ്റഡ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള സിറ്റിയേക്കാള്‍ അഞ്ചു പോയിന്റിന് പിറകില്‍. പോയിന്റിലെ ഈ കടുത്ത വ്യത്യാസം കുറയ്ക്കാനായിരിക്കും യുണൈറ്റഡിന്റെ തീവ്രയത്‌നം. ചെല്‍സിക്ക് മുന്നില്‍ പക്ഷേ അത് അനായാസമാകണമെന്നില്ല.

ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് എയില്‍ കളിച്ച നാലുമത്സരങ്ങളും ജയിച്ച് 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് യുണൈറ്റഡ്. നവംബര്‍ 22ന് എഫ്‌സി ബാസലിനെ നേരിടേണ്ടതുണ്ട്. നാളത്തെ മത്സരത്തില്‍ ചെല്‍സിയെ തോല്‍പ്പിക്കാനായാല്‍ അവര്‍ക്ക് കൂടുതല്‍ ഉണര്‍വാകുമത്. ഫില്‍ ജോണ്‍സും ആന്റോണിയോ വലന്‍സിയയും ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നത് ആശ്വാസമാണെങ്കിലും ചാമ്പ്യന്‍സ് ലീഗിനിടയില്‍ പരുക്കേറ്റ ലിങ്കാഡിന് കളിക്കാന്‍ കഴിയാത്തത് യുണൈറ്റഡിന് അല്‍പം പ്രയാസമുണ്ടാക്കും.

പത്തു മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി നാലാം സ്ഥാനത്താണിപ്പോല്‍ ചെല്‍സി. മികച്ച കളിക്കാരുണ്ടെങ്കിലും ഒരു ടീമെന്ന നിലയില്‍ മികവ് പ്രകടിപ്പിക്കാന്‍ സീസണില്‍ ഇതുവരെ ചെല്‍സിക്ക് കഴിഞ്ഞിട്ടില്ല. ചാമ്പ്യന്‍സ് ലീഗിലെ സി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണിപ്പോഴവര്‍. കാര്യമായ പരുക്കൊന്നും കളിക്കാരെ അലട്ടുന്നില്ലെന്നത് ചെല്‍സിക്ക് ആശ്വാസമാണ്. എങ്കിലും യുണൈറ്റഡിനെതിരെ മത്സതരം ജയിക്കുക എന്നത് എളുപ്പമാകില്ല.

DONT MISS
Top