“ഇന്ത്യന്‍ പൗരത്വമുള്ള എനിക്ക് ഇന്ത്യയിലെവിടെ നിന്ന് വേണമെങ്കിലും സ്വത്ത് സമ്പാദിക്കാം”; നികുതി വെട്ടിപ്പ് കേസില്‍ ന്യായീകരണവുമായി അമലാ പോള്‍

ചെന്നൈ: പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ വിശദീകരണവുമായി നടി അമലാ പോള്‍. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെ വേണമെങ്കിലും സ്വത്ത് സമ്പാദിക്കാമെന്നായിരുന്നു അമലയുടെ ന്യായീകരണം. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് നികുതി വെട്ടിച്ചെന്ന ആരോപണത്തിന് അമല വിശദീകരണം നല്‍കിയത്.

ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെ വേണമെങ്കിലും ജോലി ചെയ്യുകയോ സ്വത്ത് സമ്പാദിക്കുകയോ ചെയ്യാം. നിലവില്‍ തമിഴിലും മലയാളത്തിലും താന്‍ അഭിനയിക്കുന്നുണ്ട്. ഇനി തെലുങ്കില്‍ അഭിനയിക്കണമെങ്കില്‍ വിമര്‍ശകരുടെ അനുവാദം വാങ്ങേണ്ടി വരുമോ എന്നും അമല പരിഹസിച്ചു.

ആഡംബര വാഹനം വ്യാജ മേല്‍വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവം ആദ്യം പുറത്തുകൊണ്ടു വന്ന മാധ്യമത്തിനെതിരെയും അമല വിമര്‍ശനമുന്നയിച്ചു. പരിഹരിക്കാപ്പെടാനും അന്വേഷിക്കാനും നിരവധി വിഷയങ്ങളുള്ളപ്പോള്‍ ഇന്ത്യ എന്ന ദേശീയത മാറ്റി നിര്‍ത്തി പ്രാദേശിക സങ്കുചിത വാദം ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമം വര്‍ഷങളുടെ പാരമ്പര്യമുള്ളതാണെന്ന വസ്തുത അത്ഭുതപ്പെടുത്തുന്നതാണെന്നും നടി ആരോപിച്ചു.

കേരളത്തിലെ അപേക്ഷിച്ച് പോണ്ടിച്ചേരിയിലെ വന്‍ നികുതിയിളവ് ലക്ഷ്യമാക്കിയാണ് 1.12 കോടി രൂപ മുതല്‍മുടക്കി വാങ്ങിയ ആഡംബര കാര്‍ അമലാ പോള്‍ പോണ്ടിച്ചേരിയില്‍ രജിസ്‌ററ്റര്‍ ചെയ്തത്. പോണ്ടിച്ചേരിയിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. വ്യാജ മേല്‍വിലാസത്തില്‍ നികുതി വെട്ടിപ്പ് നടത്താന്‍ ശ്രമിച്ചത് വിവാദമായതോടെ അമലാപോളിനെതിരെ നടപടി സ്വീകരിക്കാന്‍ പോണ്ടിച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ കേരളത്തിലെ പണത്തിനുള്ള അതേ മൂല്യം തന്നെയാണല്ലോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമുള്ളതെന്നായിരുന്നു അമലയുടെ വാദം. ഈ വര്‍ഷംമാത്രം ഒരു കോടിയോളം രൂപ നികുതിയടച്ച വ്യക്തിയാണ് താന്‍. ഇന്ത്യയിലെവിടെ രജിസ്റ്റര്‍ ചെയ്താലും അത് രാജ്യത്തിന് കിട്ടുന്ന പണമാണെന്നും അമല പറയുന്നു.

അതേസമയം അമലാ പോളിന്റെ വിശദീകരണക്കുറിപ്പിനെതിരെ പ്രതിഷേധവുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നികുതിവെട്ടിപ്പ് നടത്തിയത് പിടിക്കപ്പെട്ടപ്പോള്‍ ദേശസ്‌നേഹത്തിന്റെ പേരു പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും അങ്ങനെയെങ്കില്‍ ഇനി അഭിനയിക്കുന്ന ചിത്രങ്ങള്‍ കേരളത്തിന് പുറത്തു മാത്രം റിലീസ് ചെയ്താല്‍ മതിയെന്നും പലരും പ്രതികരിച്ചു. ഇന്ത്യന്‍ പൗരത്വമുള്ളയാള്‍ക്ക് ഇന്ത്യയിലെവിടെ നിന്ന് വേണമെങ്കിലും സ്വത്ത് സമ്പാദിക്കാം എന്നാല്‍ ഇന്ത്യയിലെവിടെ വേണമെങ്കിലും വ്യാജ വിലാസത്തില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്താമെന്ന് നിയമത്തില്‍ പറയുന്നുണ്ടോ എന്നും ആളുകള്‍ പ്രതികരിച്ചു. ഭൂരിഭാഗം പേരും രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചതോടെ അമലാപോളിന്റെ വിശദീകരണക്കുറിപ്പും വിവാദമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

DONT MISS
Top