‘പതിനഞ്ച് ദിവസത്തിനുള്ളില്‍ മരവിപ്പിച്ച അക്കൗണ്ട് പുന:സ്ഥാപിച്ച് തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യും’; ട്വിറ്റര്‍ അധികൃതര്‍ക്ക് കെആര്‍കെയുടെ ഭീഷണി

മുംബൈ: അധിക്ഷേപ പരാമര്‍ശങ്ങളിലൂടെ ഖ്യാതി നേടിയ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ ട്വിറ്റര്‍ അധികൃതര്‍ക്കെതിരെ ഭീഷണി മുഴക്കി രംഗത്ത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടിയെ ചോദ്യം ചെയ്തു കൊണ്ടാണ് കെആര്‍കെ രംഗത്തെത്തിയിരിക്കുന്നത്. മരവിപ്പിച്ച എക്കൗണ്ട് പതിനഞ്ച് ദിവസത്തിനുള്ളില്‍ പുന:സ്ഥാപിച്ചു തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി.

നടന്‍ ആമീര്‍ഖാന്റെ പുതിയ ചിത്രമായ സീക്രട്ട് സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് പോസ്റ്റ് ഇട്ടതാണ് കെആര്‍കെയ്ക്ക് വിനയായത്. ചിത്രത്തെയും ആമിര്‍ഖാനെയും വിമര്‍ശിച്ച് പോസ്റ്റ് ഇട്ടതിനെതിരെ ആമിര്‍ഖാന്‍ ട്വിറ്റര്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. കെആര്‍കെ തന്റെ ചിത്രത്തിന്റെ സസ്‌പെന്‍സ് പുറത്തു വിട്ടുവെന്നായിരുന്നു ആമിറിന്റെ പരാതി. ഇതേത്തുടര്‍ന്നാണ് കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് അധികൃതര്‍ മരവിപ്പിച്ചത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചതിനു ശേഷമാണ് ട്വിറ്റര്‍ അധികൃതരുടെ ഈ നടപടിയെന്നാണ് കെആര്‍കെയുടെ ആരോപണം. തനിക്ക് വിവരം നല്‍കാതെ ഓര്‍ക്കാപ്പുറത്ത് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ഇത് വഴി ട്വിറ്റര്‍ അധികൃതര്‍ തന്നെ കബളിപ്പിക്കുകയായിരുന്നെന്നും അതിനാല്‍ മരവിപ്പിച്ച അക്കൗണ്ട് പതിനഞ്ച് ദിവസത്തിനുള്ളില്‍ പുനസ്ഥാപിച്ചു നല്‍കണമെന്നുമാണ് കെആര്‍കെയുടെ ആവശ്യം.

ട്വിറ്റര്‍ അധികൃതരുടെ പേരുകള്‍ പരാമര്‍ശിച്ചുകൊണ്ട് പത്രക്കുറിപ്പിലാണ് കെആര്‍കെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അക്കൗണ്ട് പുനസ്ഥാപിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ഉത്തരവാദികള്‍ ട്വിറ്റര്‍ അധികൃതരായിരിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. നിലവില്‍ കെആര്‍കെ ബോക്‌സ് ഓഫീസ് എന്നൊരു ട്വിറ്റര്‍ അക്കൗണ്ട് മാത്രമാണ് കമാല്‍ ആര്‍ ഖാന് സ്വന്തമായുള്ളത്.

താന്‍ പുതിയ അക്കൗണ്ട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പഴയ അക്കൗണ്ട് പുന:സ്ഥാപിച്ചു നല്‍കുക തന്നെ വേണമെന്നും പത്രക്കുറിപ്പില്‍ കെആര്‍കെ വ്യക്തമാക്കി. ആമിര്‍ ഖാന്‍ പരാതി നല്‍കിയെന്ന കാരണത്താല്‍ തന്റെ എക്കൗണ്ട് മരവിപ്പിക്കുന്നതിന് ആമിര്‍ഖാനാണോ ട്വിറ്ററിന്റെ യഥാര്‍ഥ ഉടമയെന്നും കെആര്‍കെ ചോദിച്ചു. ട്വിറ്റര്‍ ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതിന് താന്‍ ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ടെന്നും എന്നാല്‍ ട്വിറ്റര്‍ അധികൃതര്‍ ആമിര്‍ഖാന്‍ മാത്രം ട്വിറ്റര്‍ ഉപയോഗിച്ചാല്‍ മതിയെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും കെആര്‍കെ ആരോപിച്ചു.

സിനിമാ താരങ്ങള്‍ക്കെതിരെ നിരവധി തവണ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ താരങ്ങളാരും കെആര്‍കെയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നില്ല. അതേസമയം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ടിരുന്നെങ്കിലും വിവാദ പരാമര്‍ശങ്ങളുമായി കെആര്‍കെ വീണ്ടുമെത്തിയിരുന്നു. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അപമാനിക്കുന്ന രീതിയിലും കെആര്‍കെ സ്റ്റാറ്റസ് ഇട്ടിരുന്നു. ട്വീറ്റ് വിവാദമായതിന് പിന്നാലെ  ആരാധകരടക്കം മലയാളികള്‍ കെആര്‍കെയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കെആര്‍കെയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ചീത്തവിളികളും നിറഞ്ഞു. ഒടുവില്‍ ക്ഷമ പറഞ്ഞാണ് കെആര്‍കെ വിവാദം അവസാനിപ്പിച്ചത്. എന്നാല്‍ ഇതാദ്യമായാണ് ഒരു താരം നേരിട്ട് പരാതി നല്‍കുന്നത്. ആമിര്‍ഖാന്റെ പരാതിയില്‍ ട്വിറ്റര്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കുകയും ചെയ്തു.

DONT MISS
Top