നിമിഷനേരത്തേക്ക് വാട്സാപ്പ് പണിമുടക്കി; സേവനം പുന:സ്ഥാപിച്ചു

വാട്സ് ആപ്പ്

കാലിഫോര്‍ണിയ : ഉപഭോക്താക്കളെ വലച്ച് ലോകമെമ്പാടും നിമിഷ നേരത്തേക്ക് വാട്‌സാപ്പ് പ്രവര്‍ത്തനം നിലച്ചു. ഉപഭോക്താക്കള്‍ക്ക് മെസ്സേജുകള്‍ അയക്കുവാനോ സ്വീകരിക്കാനോ സാധിച്ചില്ല. എന്നാല്‍ കുറച്ചു സമയം കൊണ്ട് പ്രവര്‍ത്തനങ്ങള്‍ പുന:സ്ഥാപിച്ചു.

വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായ വിവരം മിക്കവരും ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പങ്കുവെച്ചത്. സെര്‍വര്‍ തകരാറിലായതു മൂലമാണ് വാട്‌സാപ്പ് പ്രവര്‍ത്തനം നിലച്ചതെന്നാണ് പ്രാഥമിക നിഗമനം.

ആദ്യം ചാറ്റും കോണ്ടാക്റ്റും ലോഡ് ആകാത്തതായിരുന്നു പ്രശ്‌നം. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അത് പരിഹരിച്ചു. പിന്നീട് ചാറ്റുകള്‍ തുറക്കാന്‍ സാധിച്ചുവെങ്കിലും മെസ്സേജുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ സാധിച്ചില്ല.

ഏഷ്യയിലും പശ്ചിമ യൂറോപ്പിലുമാണ് വാട്‌സാപ്പിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. എങ്കിലും ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കും ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായി.

അമേരിക്കയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് ചെറിയ തോതിലുള്ള പരാതികള്‍ മാത്രമെ വന്നിട്ടുള്ളു. എന്നാല്‍ അവിടെ മിക്കവരും ഉറങ്ങുന്നതിനാലാണ് പ്രശ്‌നങ്ങള്‍ അധികമാരും അറിയാത്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

DONT MISS
Top