കശ്മീരില്‍ ബിജെപി യുവനേതാവിനെ കഴുത്തറുത്ത് കൊന്നു; പിന്നില്‍ തീവ്രവാദികളെന്ന് പൊലീസ്

കൊല്ലപ്പെട്ട ഗൗഹര്‍ അഹമ്മദ് ഭട്ട്

ശ്രീനഗര്‍: കശ്മീരില്‍ ബിജെപി നേതാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ബിജെപി ഷോപ്പിയാന്‍ യുവജന പ്രസിഡന്റ് ഗൗഹര്‍ അഹമ്മദ് ഭട്ട്(30)നെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തീവ്രവാദികളാണ് സംഭവത്തിന് പുറകിലെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.

മൃതദേഹം കണ്ടെത്തിയ സ്ഥലം വിശദമായി പരിശോധിച്ച് വരികയാണ്, കഴുത്തറുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇത്തരത്തിലുള്ള കൊലപാതക രീതി തീവ്രവാദികളുടെതാണ്.  കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു.  പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പ്രവര്‍ത്തകനായ മുഹമ്മദ് റംസാനെ തീവ്രവാദികള്‍ കൊലപ്പെടുത്തി രണ്ടാഴ്ച തികയുമ്പോഴാണ് പുതിയ കൊലപാതകം.

ഷോപ്പിയാനിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് കൊല്ലപ്പെട്ട ഗൗഹര്‍. സംഭവത്തില്‍ നിരവധി നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. താഴ്‌വരയിലെ യുവാക്കളെ മെച്ചപ്പെട്ട ഭാവി തെരഞ്ഞെടുക്കുന്നതില്‍ നിന്ന് തീവ്രവാദികള്‍ക്ക് തടയാനാകില്ലെന്ന് അമിത് ഷാ പ്രതികരിച്ചു. കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ചീഫ് ദിനേശ്വര്‍ ശര്‍മ്മയെ കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് സര്‍ക്കാര്‍ നിയോഗിച്ചത്. വരും ദിവസങ്ങളില്‍ അദ്ദേഹം സ്ഥലം സന്ദര്‍ശിക്കും.

DONT MISS
Top