ഫെബ്രുവരി ആറിനുളളില്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം

ആധാര്‍കാര്‍ഡ്‌

ദില്ലി: 2018 ഫെബ്രുവരി ആറിനുള്ളില്‍ രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മാര്‍ച്ച് 31 ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കണം. ആധാര്‍ ഇല്ലാത്തതു കൊണ്ട് രാജ്യത്ത് ഒരിടത്തും പട്ടിണി മരണം സംഭവിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. അതിന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാകും. ആധാര്‍ വിവരങ്ങള്‍ അതീവ സുരക്ഷയോടെയാണ് സൂക്ഷിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ ശേഖരിച്ച യുഐഡിഎഐ സെര്‍വറുകള്‍ ഇതുവരെയും സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടില്ല. സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രിം കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

DONT MISS
Top