രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നു, വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളടക്കം ഇത് നിഷേധിക്കുന്നില്ലെന്ന് കമല്‍ഹാസന്‍

കമല്‍ഹാസന്‍

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍. വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളടക്കം ഇത് നിഷേധിക്കാത്ത വസ്തുതയാണെന്നും കമല്‍ഹാസന്‍ പറയുന്നു. തമിഴ് വാരികയായ ആനന്ദവികടനിലെ പ്രതിവാര പംക്തിയിലാണ് കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കിയത്. ഹിന്ദു തീവ്രവാദം ദ്രാവിഡ സംസ്‌കാരത്തെ നശിപ്പിക്കുമോയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ യുവാക്കളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഷം കുത്തിവെയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പണ്ട് എതിര്‍ വിഭാഗങ്ങളെ ആശയങ്ങള്‍ കൊണ്ട് പ്രതിരോധിച്ച ഹിന്ദു വലതുപക്ഷ സംഘടനകള്‍ ഇന്ന് അക്രമത്തിന്റെ പാതയിലൂടെയാണ് പ്രതികരിക്കുന്നതെന്നും കമല്‍ഹാസന്‍ പറയുന്നു.

സത്യമേവജയതേ എന്ന വാക്കിന്റെ വിശ്വാസം ഹിന്ദുക്കള്‍ക്ക് നഷ്ടപ്പെട്ടുവെന്നും, അക്രമത്തിന്റെ പാതയാണ് അവര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.  സിനിമ താരങ്ങളെ പോലും ജാതി പറഞ്ഞ് അധിക്ഷേപിക്കുന്ന ബിജെപിയുടെ നിലപാടിനെയും കമല്‍ഹാസന്‍ വിമര്‍ശിക്കുന്നുണ്ട്.  സാമൂഹിക നീതി നിലനിര്‍ത്തുന്നതില്‍ തമിഴ്‌നാട് മാതൃക കാണിക്കുകയാണെന്ന് പറഞ്ഞ കമല്‍ഹാസന്‍ തമിഴ്‌നാടിന് വഴികാട്ടിയ കേരളത്തെ അഭിനന്ദിക്കുന്നുവെന്നും വ്യക്തമാക്കി.

ഇതിന് മുന്‍പ് ബിജെപിയ്‌ക്കെതിരെയും, രാജ്യത്തെ കാവി ഭീകരതയ്‌ക്കെതിരെയും തന്റെ നിലപാട് വ്യക്തമാക്കിയ താരമാണ് കമല്‍ഹാസന്‍. തന്റെ നിറം കാവിയല്ലെന്നും ഒരിക്കലും കാവിയാകില്ലെന്നും നേരത്തെ കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനവുമായി കമല്‍ഹാസന്‍ നവംബറിലെത്തുമെന്നാണ് ഔദ്യോഗിക വിവരം. ജന്‍മദിനമായ നവംബര്‍ ഏഴിന് സ്വന്തം രാഷ്ട്രീയ പാാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുമെന്നും ആരാധകരോട് കാത്തിരിക്കണമെന്നും കമല്‍ അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു.

DONT MISS
Top