സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയില്‍ വ്യക്തത വേണം: കേരള ബാങ്ക് രൂപീകരണത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ അനുമതി വൈകും

ഫയല്‍ചിത്രം

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ അനുമതി വൈകും. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയില്‍ വ്യക്തത വേണമെന്നാണ് റിസര്‍വ്വ് ബാങ്ക് പ്രതികരിച്ചിരിക്കുന്നത്. നബാര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. 14 ജില്ല സഹകരണ ബാങ്കുകളും, സംസ്ഥാന സഹകരണ ബാങ്കുകളും ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്.

പുതിയ ബാങ്കിന്റെ പ്രധാന ലക്ഷ്യം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് സേവനം നല്‍കുക എന്നതു തന്നെയായിരിക്കുമെന്ന് ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരണത്തിനായി റിസര്‍വ്വ് ബാങ്കിന്റെ അനുമതി തേടിയത്. അടുത്ത വര്‍ഷം പകുതിയോടെ ബാങ്ക് യാഥാര്‍ത്ഥ്യമാകുമെന്നായിരുന്നു കണക്ക് കൂട്ടല്‍.

എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്നാണ് ആര്‍ബിഐ നല്‍കിയിട്ടുളള മറുപടി. 2016ലെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ വിവരങ്ങളാണ് അപേക്ഷയോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് വേണമെന്നാണ് ആര്‍ബിഐയുടെ നിലപാട്.  അഞ്ച് ശതമാനത്തില്‍ താഴെയായിരിക്കണം നിഷ്‌ക്രിയ ആസ്തി എന്ന നിര്‍ദേശവും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

സംസ്ഥാന സഹകരണ ബാങ്ക് നിലവില്‍ തന്നെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നോട്ട് നിരോധനം ജില്ലാ ബാങ്കുകളെയും ബാധിച്ചു. കോടി കണക്കിന് രൂപയുടെ കിട്ടാക്കടമാണ് ബാങ്കുകള്‍ക്കുള്ളത്. അടുത്ത വര്‍ഷമാകുമ്പോഴേയ്ക്കും ഇത് പിരിച്ചെടുക്കുകയെന്നത് അസാധ്യമാണ്. ഈ സാഹചര്യത്തില്‍ വന്‍ ഇളവുകള്‍ നല്‍കികൊണ്ട് ഈ കടങ്ങള്‍ തീര്‍പ്പാക്കേണ്ടിവരും.

ജീവനക്കാരുടെ പുനര്‍ വിന്യാസമടക്കമുള്ള വിഷയങ്ങളില്‍ ആശങ്ക നിലനില്‍ക്കെ ആര്‍ബിഐയുടെ മറുപടി കൂടി അനുകൂലമല്ലാത്തത് സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ് . ഏതായാലും നബാര്‍ഡിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് ആര്‍ബിഐ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

DONT MISS
Top