കാത്തിരിപ്പിന് വിരാമം; അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ തിരിച്ചെത്തുന്നു

വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ കൊണ്ടുതന്നെ പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ നായികയാണ് നസ്രിയ നസീം. വിവാഹത്തെ തുടര്‍ന്ന് വെള്ളിത്തിരയില്‍ നിന്നും വിട്ടുനിന്ന നസ്രിയ തിരിച്ചെത്തുന്നുവെന്ന തരത്തില്‍ ധാരാളം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പക്ഷെ ആ വാര്‍ത്തകള്‍ക്കൊന്നും അടിസ്ഥാനം ഉണ്ടായിരുന്നില്ല. എന്നാല്‍ ആ വാര്‍ത്തകളെല്ലാം സഫലമാവുകയാണിപ്പോള്‍.

സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന കാര്യം നസ്രിയ തന്നെയാണ് ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയിരിക്കുന്നത്. പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയാണ് നസ്രിയയുടെ സിനിമയിലേക്കുള്ള മടങ്ങിവരവ്.

വിവാഹത്തിന് മുന്‍പ് നസ്രിയ അവസാനമായി അഭിനയിച്ച ചിത്രം അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സായിരുന്നു. നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും ഒന്നിച്ചെത്തിയ ചിത്രം നസ്രിയക്ക് ഏറെ പ്രേക്ഷക പ്രശംസ നേടികൊടുത്തിരുന്നു.

അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തന്നെയാണ് നസ്രിയയുടെ രണ്ടാം തിരിച്ചുവരവ് എന്നത് ഏറെ പ്രതീക്ഷയുണ്ടാക്കുന്നു. നവംബര്‍ ആദ്യവാരം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

DONT MISS
Top