മുഖ്യശത്രു ബിജെപി; രാഹുല്‍ ഗാന്ധി ജനപ്രിയ നായകനാകുന്നു: ശിവസേന എംപി

സഞ്ജയ് റാവത്ത്

മുംബൈ: സഖ്യകക്ഷിയായ ബിജെപിയെ വിമര്‍ശിച്ചും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ചും ശിവസേന എംപി സഞ്ജയ് റാവത്ത് വീണ്ടും രംഗത്ത്. ശിവസേനയുടെ മുഖ്യശത്രു ബിജെപിയാണെന്ന് റാവത്ത് തുറന്നടിച്ചു. രാഹുല്‍ ഗാന്ധി ജനപ്രിയനായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന് തലേദിവസമാണ് റാവത്തിന്റെ പ്രസ്താവന വന്നിരിക്കുന്നത്. “മഹാരാഷ്ട്രയില്‍ ബിജെപിയുടെ സര്‍ക്കാരാണുള്ളത്. ഇവിടെ ഒരു സര്‍ക്കാര്‍ വേണമെന്നുള്ളതുകൊണ്ടാണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നത്. കോണ്‍ഗ്രസിനെയും എന്‍സിപിയെയും വിമര്‍ശിക്കുന്നതിന് പകരം ബിജെപി ശിവസേനയെ ആണ് ലക്ഷ്യം വെക്കുന്നത്. അതുകൊണ്ടുതന്നെ അവരാണ് ഞങ്ങളുടെ പ്രധാന ശത്രു”. റാവത്ത് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാഹുല്‍ ഗാന്ധിയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് റാവത്ത് പറഞ്ഞു. “ഒരു നേതാവ് എന്നത് ജനങ്ങള്‍ അംഗീകരിക്കുന്നവനാണ്. 2014 ന് ശേഷം രാഹുലില്‍ വലിയ മാറ്റങ്ങള്‍ കാണുന്നുണ്ട്. അദ്ദേഹത്തെ കേള്‍ക്കാന്‍ ഇപ്പോള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ട്”. റാവത്ത് അഭിപ്രായപ്പെട്ടു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ പാര്‍ട്ടി 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുമുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതായി റാവത്ത് വ്യക്തമാക്കി. ബിജെപിയുമായി സഖ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പില്‍ പോരാടന്‍ ശിവസേന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസവും റാവത്ത് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. രാജ്യത്ത് മോദി തരംഗം അവസാനിച്ചെന്നും രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്നുമായിരുന്നു റാവത്തിന്റെ വാക്കുകള്‍. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്ക് തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ തന്നെ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

DONT MISS
Top