ഗാനകോകിലം എസ് ജാനകി മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം

ആലാപനം കൊണ്ട് വിസ്മയം തീര്‍ത്ത പ്രിയ ഗായിക എസ് ജാനകി മരിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചരണം. സമൂഹമാധ്യമങ്ങള്‍ വഴിയാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഗാനകോകിലം എസ് ജാനകിയമ്മയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാജ്ഞലികള്‍ എന്ന തലക്കെട്ടോടെ ചിത്രം സഹിതമാണ് വാര്‍ത്ത പ്രചരിക്കുന്നത്.

എസ് ജാനകി തന്റെ സംഗീത ജീവിതം അവസാനിപ്പിച്ചുവെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെയാണ് വ്യാജ വാര്‍ത്തയും എത്തിയത്. എസ് ജാനകിയമ്മ വിടവാങ്ങി എന്ന തലക്കെട്ടോടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും, ഫെയ്‌സ്ബുക്ക് പേജുകളിലും ഇതിന്റെ ചിത്രങ്ങള്‍ വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്.

ഇന്നലെ മൈസൂരില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയോടെയാണ് ജാനകിയമ്മ തന്റെ സംഗീത ജീവിതത്തോട് വിടപറഞ്ഞത്. നിറഞ്ഞ സദസ്സില്‍ നിന്നും നിറഞ്ഞ ആരവം ഏറ്റു വാങ്ങിയാണ് ജാനകിയമ്മ  പൊതുവേദിയോട് വിട പറഞ്ഞത്.

1980 കളില്‍ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നുവന്ന ജാനകിയമ്മ തന്റെ വേറിട്ട ശബ്ദത്തിലൂടെ സംഗീത ലോകത്ത് മറ്റൊരു യുഗം സൃഷ്ടിക്കുകയായിരുന്നു. 17 ഭാഷകളിലായി ഏകദേശം 48,000 ത്തോളം പാട്ടുകള്‍ക്ക് ശബ്ദം നല്‍കിയ ജാനകിയമ്മ ഇനി സംഗീത ലോകത്ത് സജീവമല്ല എന്നത് നികത്താനാവാത്ത നഷ്ടം കൂടിയാണ്.

ഇതിന് മുന്‍പും എസ് ജാനകിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്ന് ആ വാര്‍ത്തയോട് ഗായകന്‍ എസ്പി ബാലസുബ്രമണ്യമടക്കമുളളവര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

DONT MISS
Top