പതിനാറു വയസ്സുകാരനെ എസ്‌ഐ മര്‍ദ്ദിച്ച സംഭവം: കണ്ണൂര്‍ റെയ്ഞ്ച് ഐജി നേരിട്ട് അന്വേഷിക്കും

കോഴിക്കോട്: കോഴിക്കോട് പതിനാറു വയസ്സുകാരനെ എസ്ഐ  മര്‍ദ്ദിച്ച സംഭവം കണ്ണൂര്‍ റെയ്ഞ്ച് ഐജി നേരിട്ട് അന്വേഷിക്കും. ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും തുടര്‍ നടപടി. നടക്കാവില്‍ വനിതാ ഹോസ്റ്റലിനു സമീപം കഴിഞ്ഞ ദിവസം രാത്രിയെത്തിയ മെഡിക്കല്‍ കോളെജ് എസ്‌ഐയെ ആളറിയാതെ ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്നാണ് പരാതി .

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥി  എസ്‌ഐയുടെ ക്രൂര  മര്‍ദനത്തിനിരയാകുന്നത്. മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തും ഇടുപ്പെല്ലും ചതഞ്ഞിട്ടുണ്ട്. രണ്ട് ദിവസമായി കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥി. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ നടക്കാവ് പൊലീസ് വിസ്സമതിച്ചിരുന്നു.

കോഴിക്കോട് നഗരത്തിലെ വനിത ഹോസ്റ്റലില്‍ രാത്രിസമയത്തെത്തിയ എസ്‌ഐയെ ചോദ്യം ചെയ്തതിനാലാണ് വിദ്യാര്‍ത്ഥിയക്ക് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയും, രക്ഷിതാക്കളും പരാതി നല്‍കാന്‍ നടക്കാവ് പൊലീസ് സ്‌റ്റേഷനിലെത്തി യിരുന്നെങ്കിലും പരാതി സ്വീകരിക്കാന്‍ പൊലീസ് അധികൃതര്‍ തയ്യാറായില്ലെന്ന ആരോപണവും ശക്തമായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

DONT MISS
Top