ഒടിയനാകാന്‍ മോഹന്‍ലാലിന് സാങ്കേതിക സഹായം വേണ്ട; കഠിനമായ പരിശീലനമുറകളിലൂടെ കടന്നുപോകും

മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയന്റെ മെയ്ക്ക്ഓവറിനായി മോഹന്‍ലാല്‍ കടന്നുപോകുന്നത് കഠിനമായ വ്യായാമ മുറകളിലൂടെ. ഹോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സില്‍നിന്നുള്ള പ്രത്യേക സംഘം തന്നെ ലാലിനെ പരിശീലിപ്പിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ഒടിയനാകാന്‍ മോഹന്‍ലാല്‍ 15 കിലോയോളമാണ് ശരീരഭാഗം കുറയ്ക്കുന്നത്. ഇങ്ങനെ ചെയ്യാന്‍ സാങ്കേതിക വിദ്യയുടെ സഹായം ഒഴിവാക്കും. പകരം കഠിനമായ പരിശീലനമാണ് മോഹന്‍ലാലിനായി തയാറാക്കുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഒരുവിട്ടുവീഴ്ച്ചയ്ക്കും തയാറല്ലാത്ത ലാല്‍ ഒന്നരമാസം കൊണ്ട് ഒടിയന്‍ എന്ന കഥാപാത്രത്തിന്റെ 30 വയസ് കാലഘട്ടം അവതരിപ്പിക്കുന്ന രൂപത്തിലേക്ക് എത്തും.

ഫ്രാന്‍സില്‍നിന്ന് എത്തുന്ന 25 പേരില്‍ ആയുര്‍വേദ വിദഗ്ധര്‍, ത്വക് രോഗ വിദഗ്ധര്‍, ഫിറ്റ്‌നസ് ട്രെയിനര്‍മാര്‍ എന്നിവരെല്ലാമുണ്ടെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. മലയാള സിനിമയില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്. തുടക്കം മുതല്‍ ഒരുക്കം വരെ ഹോളിവുഡ് നിലവാരം കാത്തുസൂക്ഷിക്കുന്ന ത്രില്ലറാകും ഒടിയന്‍.

നിലവില്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വേലന്താവളത്തും കൊങ്ങാടും വാളയാര്‍ ഡാമിന്റെ പരിസരങ്ങളിലുമായി പുരോഗമിച്ച ഷൂട്ടിംഗില്‍ ആക്ഷന്‍ സംവിധായകന്‍ പീറ്റര്‍ ഹെയിന്‍ പങ്കെടുത്തു. മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, മൊട്ട രാജേന്ദ്രന്‍ എന്നിവരും കഴിഞ്ഞ ഷെഡ്യൂളില്‍ അഭിനയിച്ചു.

DONT MISS
Top