വിഷ്ണുനാഥ് കോണ്‍ഗ്രസിലെ ഭാവിവാഗ്ദാനം; കെപിസിസി പട്ടികയില്‍ നിന്ന് ഒഴിവാക്കില്ലെന്ന് വിഡി സതീശന്‍

വിഡി സതീശന്റെ പത്രസമ്മേളനം

കൊച്ചി: മുന്‍ എംഎല്‍എ പിസി വിഷ്ണുനാഥിനെ കെപിസിസി ഭാരവാഹിപ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്ന വാര്‍ത്തകളെ തള്ളി കെപിസിസി ഉപാദ്ധ്യക്ഷന്‍ വിഡി സതീശന്‍ എംഎല്‍എ. വിഷ്ണുനാഥ് കോണ്‍ഗ്രസിലെ ഭാവിവാഗ്ദാനമാണെന്നും അദ്ദേഹത്തെ കെപിസിസി പട്ടിയില്‍ നിന്ന് ആരും ഒഴിവാക്കില്ലെന്നും സതീശന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെപിസിസി പട്ടിക പുറത്തുവരുമ്പോള്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്ന് ബോധ്യപ്പെടും. കെപിസിസി പട്ടിക സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരം ഉണ്ടാകുമെന്നും കെപിസിസി വൈസ് പ്രസിഡന്റ് വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ‘പടയൊരുക്കം’ യാത്രയെക്കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലാണ് കെപിസിസി പട്ടികയുടെ പേരിലുളള വിവാദത്തെക്കുറിച്ച് വിഡി സതീശന്‍ പ്രതികരിച്ചത്.

നവംബര്‍ ഒന്നിന് കാസര്‍കോട് ഉപ്പളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണിയാണ് പടയൊരുക്കം യാത്ര ഉദ്ഘാടനം ചെയ്യുന്നത്. 14 ജില്ലകളിലൂടെ പര്യടനം നടത്തുന്ന യാത്ര ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ എഐസിസി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. നവംബര്‍ 17ന് കൊച്ചിയില്‍ നടക്കുന്ന പൊതുസമ്മേളനം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യുമെന്നും വിഡി സതീശന്‍ അറിയിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം പ്രതിഫലിപ്പിച്ച് ഒരു കോടി ഒപ്പുകള്‍ ജാഥയില്‍ സ്വീകരിക്കുമെന്ന് വിഡി സതീശന്‍ അറിയിച്ചു. വിഡി സതീശന്‍, ബെന്നി ബെഹനാന്‍, എം.കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, കെ.പി മോഹനന്‍, ഷിബു ബേബി ജോണ്‍, ഷാനിമോള്‍ ഉസ്മാന്‍, ജോണി നെല്ലൂര്‍, സി.പി ജോണ്‍, വി.രാംമോഹന്‍ എന്നിവരാണ് ജാഥാംഗങ്ങള്‍.

DONT MISS
Top