ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍: പിവി സിന്ധു, കെ ശ്രീകാന്ത്, പ്രണോയ് സെമിയില്‍

ഫയല്‍ ചിത്രം

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടപ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യന്‍ താരങ്ങള്‍ സെമിയില്‍. വനിതാ വിഭാഗം സിംഗിള്‍സില്‍ പിവി സിന്ധുവും പുരുഷ വിഭാഗത്തില്‍ കെ ശ്രീകാന്ത്, എച്ച്എസ് പ്രണോയ് എന്നിവരും സെമിയിലെത്തി.

ഒളിമ്പിക്‌സ്-ലോകചാമ്പ്യന്‍ഷിപ്പ് വെള്ളിമെഡല്‍ ജേത്രിയായ പിവി സിന്ധു ക്വാര്‍ട്ടറില്‍ ചൈനയുടെ ചെന്‍ യുഫിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അവസാന നാലില്‍ ഇടം നേടിയത്. സ്‌കോര്‍ 21-14, 21-14. മത്സരം 40 മിനിട്ടില്‍ അവസാനിച്ചു.

പുരുഷവിഭാഗത്തില്‍ മികച്ച ഫോം തുടരുന്ന ശ്രീകാന്ത് ഈ വര്‍ഷത്തെ തന്റെ നാലാം സൂപ്പര്‍ സീരീസ് കിരീടമാണ് ലക്ഷ്യമിടുന്നത്. ചൈനയുടെ ഷി യുഖിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ മറികടന്നത്. സ്‌കോര്‍ 8-21, 21-19, 21-9. കഴിഞ്ഞയാഴ്ച ഡെന്‍മാര്‍ക്ക് ഓപ്പണില്‍ ശ്രീകാന്ത് കിരീടം ചൂടിയിരുന്നു. എച്ച്എസ് പ്രണോയ് ദക്ഷിണ കൊറിയയുടെ ജിയോണ്‍ ഹിയോക്ക് ജിനിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-16, 21-16.

സെമിയില്‍ കെ ശ്രീകാന്തും എച്ച്എസ് പ്രണോയിയും ഏറ്റുമുട്ടും. നേരത്തെ മുന്‍ലോക ഒന്നാം നമ്പര്‍ സൈന നെഹ്‌വാള്‍ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.

DONT MISS
Top