നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതിയാക്കാന്‍ ഗൂഢാലോചന, ആഭ്യന്തര സെക്രട്ടറിയ്ക്ക് ദിലീപ് പരാതി നല്‍കി

ദിലീപ് ( ഫയല്‍ ചിത്രം )

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിനെതിരെ ദിലീപ് ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നല്‍കി. കേസില്‍ തന്നെ ഒന്നാം  പ്രതിയാക്കാന്‍ പൊലീസ് ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് ദിലീപ് പരാതി നല്‍കിയിരിക്കുന്നത് . കേസുമായി ബന്ധപ്പെട്ട് തന്നെ ഒന്നാം പ്രതിയാക്കാന്‍ പൊലീസ് നീക്കം നടത്തുന്നുണ്ടെന്ന് ദിലീപ് പരാതിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിയ്‌ക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന വാദവുമായി ദിലീപ് രംഗത്തെത്തുന്നത്.

ഒരു സാക്ഷിമൊഴിയടക്കം മൂന്നു തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തി ലായിരുന്നു ദിലീപിനെ ഒന്നാം  പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള തീരുമാനം. ഇതോടെ കുറ്റപത്രം സമർപ്പിക്കുമ്പോൾ പുതുതായി മൂന്ന് തെളിവുകൾ കൂടി അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് അതിവേഗ കോടതിയിലേക്ക് മാറ്റണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടും. കുറ്റപത്രം സമര്‍പ്പിച്ച ഉടന്‍ അന്വേഷണ സംഘം ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിര്‍ണായക സാക്ഷി മൊഴി ലഭിച്ച സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം.

ദിലീപിനെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം നിര്‍ണായക യോഗവും ചേര്‍ന്നിരുന്നു. അടുത്ത മാസത്തോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ച ഉടന്‍ തന്നെ കേസ് മാറ്റുന്ന കാര്യം അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെടും.

DONT MISS
Top