ആവേശം മൂത്ത് ‘വില്ലന്‍’ മൊബൈലില്‍ പകര്‍ത്തി; പരാതിയില്ലാത്തതിനാല്‍ ആരാധകനെ വിട്ടയച്ചു

കണ്ണൂര്‍: മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം വില്ലന്‍ റിലീസ് ദിവസം മൊബൈലില്‍ പകര്‍ത്തിയ ആരാധകനെ പൊലീസ് പിടിച്ചു. എന്നാല്‍ പരാതിയില്ലെന്ന് വിതരണക്കാര്‍ എഴുതിക്കൊടുത്തതിനാല്‍ ഇയാളെ പൊലീസ് വിട്ടയച്ചു. ചെമ്പന്തൊട്ടി സ്വദേശിയാണ് ആവേശം മൂത്തപ്പോള്‍ പൊലീസ് പിടിയിലായത്.

മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ ഇയാള്‍ അതിരാവിലെ തന്നെ ഷോ കാണാനായി കണ്ണൂര്‍ സവിത തിയേറ്ററിലെത്തിയിരുന്നു. മൊബൈലില്‍ പടം പകര്‍ത്തുന്നത് കണ്ട വിതരണക്കാരുടെ പ്രതിനിധിയാണ് വിവരം പൊലീസില്‍ അറിയിച്ചത്.

പടത്തിന്റെ ടൈറ്റില്‍ ഉള്‍പ്പെടെ ഒന്നര മിനിട്ട് ദൃശ്യങ്ങള്‍ മാത്രമാണ് ഇയാള്‍ പകര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ നിന്ന് ഇയാള്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്ന് മനസിലായെന്നും പൊലീസ് വ്യക്തമാക്കി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പൊലീസ് സിനിമയുടെ സംവിധായന്‍ ബി ഉണ്ണിക്കൃഷ്ണനുമായി ഫോണില്‍ ബന്ധപ്പെട്ടു. പിന്നീട് മോഹന്‍ലാലിനോടും നിര്‍മാതാവിനോടും ആലോചിച്ച ശേഷം പരാതി ഇല്ലെന്നും കേസ് എടുക്കേണ്ടെന്നും അറിയിക്കുകയായിരുന്നു.

DONT MISS
Top