ഐ ലൗവ് പാകിസ്താന്‍ എന്ന് അച്ചടിച്ച ബലൂണുകള്‍ കടയില്‍ സൂക്ഷിച്ചു; കാണ്‍പൂരില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

പൊലീസ് പിടികൂടിയ ബലൂണുകള്‍

കാണ്‍പൂര്‍ : ഐ ലൗവ് പാകിസ്താന്‍ എന്ന പേരില്‍ അച്ചടിച്ച ബലൂണുകള്‍ കാണ്‍പൂരിലെ ഒരു കടയില്‍ നിന്നും പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവിന്ദ് നഗറിലുള്ള കടയില്‍ നിന്നുമാണ് പൊലീസ് ഇവ കണ്ടെടുത്തത്. സണ്ണി, സമീര്‍ വിഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗോവിന്ദ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതി പ്രകാരമാണ് പൊലീസ് കടയില്‍ പരിശോധന നടത്തിയത്. രാജ്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നതായിരുന്നു പരാതി. പരാതി ലഭിച്ചപ്പോള്‍ തന്നെ കടയില്‍ പരിശോധന നടത്തിയതായി പൊലീസ് ഉദ്യോഗസ്ഥനായ അമിത് സിംഗ് പറഞ്ഞു.

ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകനായ അജയ് പ്രതാപ് സിംഗ് മകന്റെ പിറന്നാളിന് ബലൂണുകള്‍ വാങ്ങാനായി കടയില്‍ എത്തിയപ്പോഴാണ് ഈ ബലൂണുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കടയില്‍ എത്തുകയും കട ഉടമയായ സണ്ണി, കടയില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കുന്ന സമീറിനെയും അറസ്റ്റ് ചെയ്തു.

അറസ്റ്റ് ചെയ്ത രണ്ടു യുവാക്കളും ഗോവിന്ദ് നഗര്‍ സ്വദേശികളാണ്. ദില്ലിയിലെ തന്നെ ഏറ്റവും പുരാതനവും, വലുതുമായ സദാര്‍ ബസാറില്‍ നിന്നുമാണ് ബലൂണ്‍ വാങ്ങിയതെന്ന് പൊലീസിനോട് യുവാക്കള്‍ പറഞ്ഞു. പൊലീസ് സദാര്‍ ബസാര്‍ കേന്ദ്രീകരിച്ചും അന്വേഷങ്ങള്‍ നടത്തുന്നുണ്ട്.

DONT MISS
Top