നോട്ട് നിരോധനം അനുസ്മരിച്ച് നവംബര്‍ 8 മുസ്‌ലിം ലീഗ് വിഡ്ഢി ദിനമായി ആചരിക്കുന്നു; ജില്ലാ കേന്ദ്രങ്ങളില്‍ മോദിക്ക് ഭൂലോക വിഡ്ഢിപ്പട്ടം ചാര്‍ത്തും

നോട്ട് നിരോധനം എന്ന അമ്പേ പാളിപ്പോയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അനുസ്മരിച്ച് നവംബര്‍ 8 വിഡ്ഢി ദിനമായി ആചരിക്കുന്നു. മുസ്‌ലിം ലീഗിന്റെ യുവജന സംഘടനയായ മുസ്‌ലിം യൂത്ത് ലീഗാണ് ഇത്തരത്തില്‍ ഒരു അനുസ്മരണം സംഘടിപ്പിക്കുന്നത്. നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ നവംബര്‍ 8 കരിദിനമായാണ് ആചരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലീഗിന്റെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഡ്ഢിദിനാചരണം ഉണ്ടാകും. ഈയവസരത്തില്‍ ഭൂലോക വിഡ്ഢിപ്പട്ടം നരേന്ദ്ര മോദിക്ക് പ്രതീകാത്മകമായി സമ്മാനിക്കുകയും ചെയ്യും. മുസ്‌ലിം ലീഗിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 8 നാണ് 500, 1000 നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. കള്ളപ്പണം ഇല്ലാതാക്കാനാണ് ഇത് എന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് രാജ്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകാത്ത ദുരന്തമാണ് സംഭവിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ അമ്പേ പാളിയ ഈ തീരുമാനത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല.

DONT MISS
Top