ഹാഫിസ് സയീദ് ഭീകരനല്ലെന്ന് പാകിസ്താന്‍; അമേരിക്ക കൈമാറിയ പട്ടികയില്‍ പാകിസ്താനികളില്ലെന്നും പാക് മന്ത്രി

ഹാഫിസ് സയീദ്

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യആസൂത്രകനും ജമാത്ത്ഉദ്ദവ തലവനുമായ ഹാഫിസ് സയീദ്നെ ഭീകരവാദികളുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പാകിസ്താന്‍. കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഭീകരവാദികളുടെ പട്ടിക പാക് അധികൃതര്‍ക്ക് കൈമാറിയിരുന്നു. ഈ പട്ടികയില്‍ ഹാഫിസ് സയീദിന്റെ പേരില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ അസീഫ് പാര്‍ലമെന്റില്‍ വ്യക്തമാക്കുകയായിരുന്നു.

75 ഭീകരരുടെ പേരാണ് ടില്ലേഴ്‌സണ്‍ പാക് അധികൃതര്‍ക്ക് കൈമാറിയത്. ഈ പട്ടികയില്‍ പാകിസ്താനില്‍ നിന്നുള്ള ആരും ഉള്‍പ്പെട്ടിട്ടില്ലെന്നും പാക് വിദേശകാര്യമന്ത്രി അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരര്‍ക്കായി പാക്കിസ്ഥാന്‍ താവളം ഒരുക്കുന്നില്ലെന്നും ഖ്വാജ അസീഫ് പറഞ്ഞു.

2008 ലെ മുംബൈ ആക്രമണമടക്കം ഇന്ത്യക്കെതിരേയുള്ള പല തീവ്രവാദ ആക്രമണങ്ങളുടെയും ബുദ്ധികേന്ദ്രമാണ് ഹാഫിസ് സയീദ്. അമേരിക്ക എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ഹാഫിസ് സെയ്ദിനെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മതപണ്ഡിതനായ ഹാഫിസ് സയീദിന് തീവ്രവാദ ബന്ധമൊന്നുമില്ലെന്നും മുംബൈ ആക്രണത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്നുമായിരുന്നു പാക് നിലപാട്.

പിന്നീട് ഹാഫിസ് സയീദ്,  തെഹ്‌രിക് ഇ ആസാദി ജമ്മു ആന്‍ഡ് കശ്മീര്‍ എന്ന സംഘടന രൂപീകരിച്ചിരുന്നു. ജമാത് ഉത് ദവ പേരുമാറ്റിയാണ് തെഹ്‌രിക് ഇ ആസാദി ജമ്മു ആന്‍ഡ് കശ്മീര്‍ ആയത്. അമേരിക്കയുടെ സമ്മദ്ദത്തെ തുടര്‍ന്ന് ഈ സംഘടനയെ ഈ വര്‍ഷം ജൂണില്‍ പാക് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മുംബൈ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ സെയ്ദിനെതിരേയും ജമാത് ഉത് ദവയ്‌ക്കെതിരേയും അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഘടനയുമായി സെയ്ദ് രംഗത്തുവന്നത്. ജമാത് ഉത് ദവ(ജെയുഡി)യ്‌ക്കെതിരേയും ഹാഫിസ് സെയ്ദിനെതിരേയും നടപടി സ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വ്യാപകമായ പിന്തുണ ലഭിച്ചിരുന്നു.

പാകിസ്താന്‍ ജൂണ്‍ എട്ടിന് പുറത്തിറക്കിയ ഭീകരസംഘടനകളുടെ പട്ടികയിലാണ് തെഹ്‌രിക് ഇ ആസാദി ജമ്മു ആന്‍ഡ് കാശ്മീരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്റെ ദേശീയ തീവ്രവാദ വിരുദ്ധ അതോറിറ്റിയുടെ വെബ് സൈറ്റിലാണ് സംഘടനയെ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, തെഹ്‌രിക് ഇ ആസാദി ജമ്മു ആന്‍ഡ് കശ്മീരിന്റെ പഴയ രൂപമായ ജമാത് ഉത് ദവ പക്ഷെ ഇപ്പോഴും നിരീക്ഷണ പട്ടികയില്‍ തുടരുകയാണ്. കഴിഞ്ഞ ജനുവരി മുതല്‍ ഹാവിസ് സയീദ് വീട്ടുതടങ്കലിലാണെന്നാണ് പാകിസ്താന്‍ പറയുന്നത്. ജമാത് ഉത് ദവയെ നീരീക്ഷിക്കപ്പെടുന്ന സംഘടനകളുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുകയാണെന്നും പാക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഹാഫിസ് സയീദ് സ്ഥാപിച്ച ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയെ അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് 2002 ല്‍ തന്നെ പാകിസ്താന്‍ നിരോധിച്ചിരുന്നു. 2001 ല്‍ അമേരിക്ക ലഷക്‌റിനെ നിരോധനപട്ടികയില്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു പാക് നടപടി. വിലക്ക് വന്നതിനെ തുടര്‍ന്നാണ് ലഷ്‌കറിനെ പേരുമാറ്റി ജമാത് ഉത് ദവ ആക്കിയത്. ഈ സംഘടന നീരീക്ഷണ പട്ടികയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തെഹ്‌രിക് ഇ ആസാദി ജമ്മു ആന്‍ഡ് കശ്മീരുമായി ഹാഫിസ്  സയീദ്   എത്തിയത്. എല്ലാ സംഘടനകളുടെയും ലക്ഷ്യം ഇന്ത്യക്കെതിരേയുള്ള ആക്രമണങ്ങളായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ മില്ലി മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിക്കും ഹാഫിസ് സെയ്ദ് രൂപം നല്‍കിയിരുന്നു.

DONT MISS
Top