അനധികൃത നിര്‍മ്മാണം; ബച്ചനുള്‍പ്പെടെ എട്ടുപേര്‍ക്ക് നോട്ടീസ്

അമിതാഭ് ബച്ചന്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(ബിഎംസി) നോട്ടീസ് അയച്ചു. അനധികൃത നിര്‍മ്മാണം നടത്തിയതിന്റെ പേരില്‍ ബച്ചനുള്‍പ്പെടെ എട്ടുപേര്‍ക്കാണ് നോട്ടീസ് ലഭിച്ചത്.

വിവരാവകാശ നിയമ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലിയാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. നിരോധിത മേഖലയില്‍ അനുവാദമില്ലാതെയുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ബച്ചനടക്കമുള്ള ആളുകള്‍ നടത്തിയിതെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണ്.

2016ല്‍ അനധികൃത നിര്‍മ്മാണത്തെ ചോദ്യം ചെയ്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇവര്‍ക്കെതിരെ നോട്ടീസ് അയച്ചിരുന്നു. നിയമവിരുദ്ധമായി നിര്‍മ്മിച്ച ബംഗ്ലാവായിരുന്നു വിഷയം. അമിതാഭ്, രാജ്കുമാര്‍ ഹിലാനി, പങ്കജ് ബാലാജി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് 2016 ഡിസംബര്‍ ഏഴിനാണ് നോട്ടീസ് ലഭിച്ചത്.

അനധികൃത നിര്‍മ്മാണത്തിനെതിരെ ധ്രുതഗതിയില്‍ നടപടി ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനും മുനിസിപ്പല്‍ കമ്മീഷണര്‍ അജോയ് മെഹ്തയ്ക്കും  ഗല്‍ഗലി കത്തയച്ചിട്ടുണ്ട്.

DONT MISS
Top