അടുത്ത സാമ്പത്തിക വര്‍ഷം 1600 കോടി രൂപയുടെ കാര്‍ഷിക സാമ്പത്തിക സഹായം കേരളത്തിന് അനുവദിക്കുമെന്ന് എസ്ബിഐ

മന്ത്രി വിഎസ് സുനില്‍കുമാര്‍

തിരുവനന്തപുരം:അടുത്ത സാമ്പത്തിക വര്‍ഷം 1600 കോടി രൂപയുടെ കാര്‍ഷിക സാമ്പത്തിക സഹായം കേരളത്തിന് അനുവദിക്കുമെന്ന് എസ്ബിഐ. വായ്പാ കുടിശികയുടെ 50 ശതമാനം ഒരു തവണയായി അടച്ചാല്‍ ബാക്കി തുക ഇളവ് ചെയ്ത് നല്‍കാന്‍ തയ്യാറാണെന്ന് എസ്ബിഐ കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാറിനെ അറിയിച്ചു. കൃഷിമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കേരളത്തിലെ കര്‍ഷകരുടെ ബാങ്കിംഗ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായാണ് എസ്ബിഐ അധികൃതരുമായി കൃഷിവകുപ്പ് ചര്‍ച്ച നടത്തിയത്. കര്‍ഷകരുടെ വായ്പ പദ്ധതികളിലടക്കം എസ്ബിഐ ഇളവുകള്‍ വരുത്തി.

വായ്പ പദ്ധതികളുടെ അന്‍പത് ശതമാനം ഒരു തവണയായി അടച്ചുതീര്‍ത്താല്‍ ബാക്കി തുക ഒഴിവാക്കുന്ന കാര്യം എസ്ബിഐ പരിഗണിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 1600 കോടി രൂപ കാര്‍ഷിക വായ്പയായി കേരളത്തില്‍ എസ്ബിഐ അനുവദിക്കും.

വായ്പ കുടിശിക അടച്ചുതീര്‍ന്നാല്‍ 30 ദിവസത്തിനകം പുതിയ വായ്പ അനുദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് എസ്ബിഐ അധികൃതരും വ്യക്തമാക്കി. വളരെ കാലങ്ങളായി കര്‍ഷകര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കാണ് ഇതോടെ പരിഹാരമാകുന്നത്.

DONT MISS
Top