ഹോണ്ട ‘ഗ്രാസിയയുടെ’ ബുക്കിംഗ് ആരംഭിച്ചു ; 125 സിസി സ്‌കൂട്ടര്‍ വിപണിയിലെ പുതിയ താരം

വര്‍ഷങ്ങളായി സ്‌കൂട്ടര്‍ വിപണിയിലെ സൂപ്പര്‍ താരമാണ് ആക്ടീവ. ഇന്ത്യയിലെ എന്നല്ല, ലോകത്തിലെതന്നെ ഏറ്റവും വിറ്റഴിയപ്പെട്ട സ്‌കൂട്ടര്‍. എന്നാല്‍ 125 സിസി വിഭാഗത്തില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ ആക്ടീവയ്ക്ക് കഴിയുന്നില്ലെന്ന് മാത്രമല്ല അവിടം അടക്കിവാഴുന്നത് സുസുക്കിയുടെ ആക്‌സസാണുതാനും.

ഇപ്പോഴിതാ ഹോണ്ടാ കുടുംബത്തില്‍നിന്ന് ഒരു പുതിയ അംഗം കൂടി വിപണിയിലേക്കെത്തുന്നു. ‘ഗ്രാസിയ’ എന്നുപേരിട്ടിരിക്കുന്ന സ്‌കൂട്ടറിന്റെ കൂടുതല്‍ ചിത്രങ്ങളോ വിവരങ്ങളോ ഹോണ്ട പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 2000 രൂപ നല്‍കിയാണ് ബുക്ക് ചെയ്യേണ്ടത്. പുറത്തുവിട്ട സൂചനകളനുസരിച്ച് ഇന്നത്തെ കാലഘട്ടത്തിന്റെ മോടികളും സാങ്കേതിക തികവും കരുത്തും ഒത്തിണങ്ങിയ വാഹനമാകും ഗ്രാസിയ.

125 സിസി എഞ്ചിന്‍ 8.5 ബിഎച്പി കരുത്ത് പകരും. 5000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ നല്‍കും. 125 സിസി എഞ്ചിനുള്ള ആക്‌സസ്, മഹീന്ദ്ര ഗസ്‌റ്റോ, വെസ്പ, 150 സിസി അപ്രില്ല എന്നിവയെല്ലാം ഉന്നംവച്ചാകും ഗ്രാസിയയുടെ വരവ്. ഏകദേശം 65,000 രൂപയാകും ഓണ്‍ റോഡ് വില എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

DONT MISS
Top