കോളെജുകളിലെ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം; നിയമ നിര്‍മ്മാണം ശുപാര്‍ശ ചെയ്ത് ജസ്റ്റിസ് കെകെ ദിനേശന്‍ കമ്മീഷന്‍

പ്രതീകാത്മകചിത്രം

തിരുവനന്തപുരം: കോളെജുകളിലെ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യത്തിന് നിയമ നിര്‍മ്മാണം നടത്തണമെന്ന് ജസ്റ്റിസ് കെകെ ദിനേശന്‍ കമ്മീഷന്‍. സ്വാശ്രയ കോളെജുകളെയും നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തണം. സ്വാശ്രയ കോളെജുകളിലെ നിലവാരം ഉയര്‍ത്താന്‍ ശുപാര്‍ശകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെകെ ദിനേശന്‍ സര്‍ക്കാരിന് കൈമാറി.

കോളെജുകളിലെ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യത്തിന് നിയമനിര്‍മ്മാണം വേണമെന്നാണ് ജസ്റ്റിസ് കെകെ ദിനേശന്‍ കമ്മിഷന്റെ പ്രധാന ശുപാര്‍ശകളിലൊന്ന്. വിദ്യാര്‍ത്ഥി സംഘടനകള്‍ ഉണ്ടാകേണ്ടതാണെന്ന് ഐക്യകണ്‌ഠേനയാണ് ആവശ്യപ്പെട്ടത്. ആര്‍ട്ടികള്‍ 19 പ്രകാരം ഇതൊരു ഭരണഘടന വിഷയമായിട്ടാണ് കമ്മീഷന്‍ കാണുന്നത്. കലാലയങ്ങളില്‍ സത്യാഗ്രഹം ഇരിക്കുന്നത് തര്‍ക്ക വിഷയമല്ല. ആയുധങ്ങളില്ലാതെ സമാധാനപൂര്‍വ്വം വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഷേധിക്കാ മെന്നും കമ്മീഷന്‍ പറയുന്നു.

നിയമത്തിന് കീഴില്‍ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ കര്‍ശന നടപടികള്‍ വേണം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച പരിചയ സമ്പന്നരായ അധ്യാപകരെ കോളെജുകള്‍ക്ക് നിയോഗിക്കാം.

ആദ്യമായി അധ്യാപകരാവുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയില്‍ വിട്ടുവീഴ്ച പാടില്ല. എഐസിടിഇ, യുജിസി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. അധ്യാപന വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുള്ള പ്രധാന ശുപാര്‍ശകളും ജസ്റ്റിസ് കെകെ ദിനേശന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.

സ്വാശ്രയ കോളെജുകളിലെ പ്രവേശനത്തിന് നിലവിലെ രീതി തുടരാം. എന്‍ട്രന്‍സ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ പട്ടികയില്‍ നിന്ന് കോളെജുകള്‍ക്ക് പ്രവേശനം നടത്താം. വിദ്യാര്‍ത്ഥി കളുടെ പരാതികള്‍ പരിഹരിക്കാന്‍ കോളെജ് സര്‍വകലാശാല തലങ്ങളില്‍ പുതിയ സമിതിയെ നിയോഗിക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്നാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിഷയങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് കെകെ ദിനേശന്‍ അധ്യക്ഷനായ മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്. തുടര്‍ന്ന് കമ്മിഷന്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ നിന്ന് തെളിവെടുത്തു.

കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെകെഎന്‍ കുറുപ്പ്, പ്രൊഫസര്‍ ആര്‍വിജി മേനോന്‍ തുടങ്ങിയവരായിരുന്നു കമ്മിഷനിലെ മറ്റ് അംഗങ്ങള്‍. റിപ്പോര്‍ട്ട് കമ്മീഷന്‍ മുഖ്യമന്ത്രിക്ക് കൈമാറി.

DONT MISS
Top