തൃശൂരില്‍ കനോലി കനാല്‍ കയ്യേറി അനധികൃത റിസോര്‍ട്ട് നിര്‍മാണം, നടപടി സ്വീകരിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുമെന്ന് നാട്ടുകാര്‍

തൃശൂര്‍: തൃശൂര്‍ മണലൂരില്‍ കനോലി കനാല്‍ കയ്യേറി അനധികൃത റിസോര്‍ട്ട് നിര്‍മാണം. തീരദേശ പരിപാലന നിയമങ്ങള്‍ കാറ്റില്‍ പറത്തി മണലൂര്‍ പടിഞ്ഞാറേമുറി മേഖലയിലാണ് പണി പുരോഗമിക്കുന്നത്. അധികാരികളുടെ ഒത്താശയോടെയാണ് കയ്യേറിയ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

വര്‍ഷങ്ങളായുള്ള കയ്യേറ്റത്തിന്റെയും മണ്ണിട്ടു നികത്തലിന്റെയും ഫലമായി ദുര്‍ബലാവസ്ഥ യിലാണ് തൃശൂര്‍ വാടാനപ്പള്ളി മേഖലയിലെ കനോലി കനാല്‍. പലയിടങ്ങളിലായി കണ്ടെത്തിയ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ നടന്നു വരവെയാണ് കനാല്‍ കയ്യേറിയ ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മാണം നടക്കുന്നത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പുഴയില്‍ നിന്ന് ചുരുങ്ങിയത് അന്‍പത് മീറ്ററെങ്കിലും ദൂരപരിധി പാലിക്കണമെന്നാണ് തീരദേശ പരിപാലന നിയമം അനുശാസിക്കുന്നത്. എന്നാല്‍ ഈ ചട്ടങ്ങളെയൊന്നും വകവെക്കാതെയാണ് മണലൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറേമുറിയിലെ റിസോര്‍ട്ട് നിര്‍മാണം. ഇരുപത്തിയഞ്ച് മീറ്റര്‍ പുഴ ഭൂമി കയ്യേറി നടക്കുന്ന കെട്ടിട നിര്‍മാണത്തിന് അധികാരികളുടെ ഒത്താശയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

നാശത്തിന്റെ വക്കിലായ കനോലി കനാലിനെ സംരക്ഷിക്കാന്‍ കനാല്‍ കടന്നു പോകുന്ന ജില്ലകളിലെ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശ്രമങ്ങള്‍ നടന്നു വരവെയാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള റിസോര്‍ട്ട് മാഫിയയുടെ കെട്ടിട നിര്‍മാണം. അനധികൃത നിര്‍മാണത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

DONT MISS
Top