കോവളം-കാസര്‍ഗോഡ് ദേശീയ ജലപാത 2020 മെയ് മാസത്തോടെ പൂര്‍ത്തിയാകും

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : കോവളം – കാസര്‍ഗോഡ് ദേശീയ ജലപാത 2020 മെയ് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കേരള വാട്ടര്‍ വേയ്‌സ് ഇന്‍ഫ്രാസ്ട്രക്‌ച്ചേഴ്‌സ് ലിമിറ്റഡ് ബോര്‍ഡിന്റെ ആദ്യയോഗം തീരുമാനിച്ചു. പദ്ധതി നടപ്പാക്കാന്‍ രൂപീകരിച്ച പ്രത്യേക കമ്പനിയുടെ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ജലപാതയ്ക്കുവേണ്ടിയുളള സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

സിയാലിനും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിപങ്കാളിത്തമുളള (49 ശതമാനം വീതം) കമ്പനിയാണ് വാട്ടര്‍ വേയ്‌സ് ഇന്‍ഫ്രാസ്ട്രക്‌ച്ചേഴ്‌സ്. രണ്ടു ശതമാനം ഓഹരി മറ്റു ഏജന്‍സികള്‍ക്കോ നിക്ഷേപകര്‍ക്കോ നല്‍കും. ജലപാത നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിവിധ ഏജന്‍സികള്‍ക്ക് പ്രവൃത്തി വിഭജിച്ചു നല്‍കാനാണ് തീരുമാനം. പദ്ധതിക്കുവേണ്ടി വര്‍ക്കലയില്‍ ടണല്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ടണല്‍ നിര്‍മ്മാണം കൊങ്കണ്‍ റെയില്‍വേയെ ഏല്‍പ്പിക്കാനാണ് ആലോചിക്കുന്നത്.

നിലവിലുളള ജലപാതകള്‍ ഗതാഗതയോഗ്യമാക്കുകയും പരസ്പരം ബന്ധിപ്പിക്കാന്‍ പുതിയ കനാലുകള്‍ നിര്‍മ്മിക്കുകയുമാണ് ചെയ്യുന്നത്. ഗതാഗതത്തിനുവേണ്ടി ഒരുപാട് പാലങ്ങള്‍ പണിയേണ്ടിവരും. പദ്ധതിക്ക് ആദ്യഘട്ടത്തില്‍ 2300 കോടി രൂപ വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. നിലവില്‍ ജലസേചനവകുപ്പ് ഏറ്റെടുത്ത കനാല്‍ ജോലികള്‍ 2019ല്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.

യോഗത്തില്‍ ജലവിഭവ മന്ത്രി മാത്യു ടി തോമസ്, സിയാല്‍ എം.ഡി. വി.ജെ കുര്യന്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സിയാല്‍ ജനറല്‍ മാനേജര്‍ ജോസ് തോമസ്, കമ്പനി സെക്രട്ടറി സജി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

DONT MISS
Top