“തിരുവായില്‍ നിന്നു വീഴുന്ന എന്തിനേയും അനു’മോദി’ക്കുക, എന്നുവച്ചാല്‍ സുല്‍ത്താന്‍ ഓഫ് ഇന്ത്യയ്ക്ക് ജയ് വിളിക്കുക”, ജിഎസ്ടി എന്ന ‘തെറിവാക്ക്’ നല്‍കിയവര്‍ക്ക് നന്ദിപറഞ്ഞ് സുഭാഷ് ചന്ദ്രന്‍

മോദി, സുഭാഷ് ചന്ദ്രന്‍

മെര്‍സല്‍ എന്ന ചിത്രത്തില്‍ നിന്ന് ജിഎസ്ടി എന്ന വാക്ക് എടുത്തുകളയണമെന്ന ബിജെപിയുടെ ആവശ്യത്തെ കണക്കിന് പരിഹസിച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. ജിഎസ്ടി എന്നത് ബീപ് ശബ്ദമിട്ട് കേള്‍പ്പിക്കാന്‍ ഇത് തെറിവാക്കാണോ എന്നും അദ്ദേഹം ചോദിക്കുന്നു. സാധാരണയായി തെറിവാക്കുകളാണ് ഇങ്ങനെ ബീപ് ചെയ്യുക എന്നും അദ്ദേഹം കുറിച്ചു.

അനുസരിപ്പിക്കലാണ് ഫാസിസത്തിന്റെ മുഖ്യവിനോദം. ഇന്ത്യയില്‍ അതിനിനി അനുമോദനം എന്നുമതി. തിരുവായില്‍നിന്ന് വീഴുന്ന എന്തിനേയും അനുമോദിക്കുക എന്നതാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനുമോദിക്കുക എന്നതില്‍ മോദി എന്നത് അദ്ദേഹം എടുത്തുകാണിക്കുന്നു. സുല്‍ത്താന്‍ ഓഫ് ഇന്ത്യ എന്ന് അദ്ദേഹം പറയുന്നതും കുറിക്കുകൊള്ളുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് പൂര്‍ണരൂപം താഴെ വായിക്കാം.

ജി എസ്‌ ടി എന്ന തെറിവാക്ക്‌

മെർസ്സൽ എന്ന തമിഴ്‌ ചിത്രത്തിൽ ജി എസ്‌ ടി എന്ന വാക്ക്‌ ഒരു ബീപ്‌ ശബ്ദമിട്ടു മറയ്ക്കണമത്രെ!
സാധാരണയായി നായകനോ വില്ലനോ പറയുന്ന തെറിവാക്കാണ് ഇങ്ങനെ മറയ്ക്കാറുള്ളത്‌. 
അങ്ങനെ ഈ സിനിമയിലൂടെ ഒരു പുതിയ തെറിവാക്ക്‌ ഇന്ത്യക്കു സംഭാവന നൽകിയ എല്ലാവരേയും അനു’മോദി’ക്കുന്നു!

സന്ദർഭവശാൽ, അർത്ഥം മാറിയ ഒരു പ്രയോഗം എനിക്കു വീഴ്ത്തിത്തന്നതിനും നന്ദി. ‘അനുസരി’പ്പിക്കലാണ് ഫാസിസത്തിന്റെ മുഖ്യവിനോദം. ഇന്ത്യയിൽ അതിനിനി അനു’മോദി’ക്കുക എന്നു മതി. തിരുവായിൽ നിന്നു വീഴുന്ന എന്തിനേയും അനുമോദിക്കുക! ന്ന്വവച്ചാൽ സുൽത്താൻ ഓഫ്‌ ഇന്ത്യക്ക്‌ ജയ്‌ വിളിക്കുക.

DONT MISS
Top