ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവിന്റെ മകന്‍ ഷാഹിദ് യൂസഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ഹിസ്ബുള്‍ നേതാവ് സെയ്ദ്‌ സലാഹുദീന്‍ (ഫയല്‍ചിത്രം)

ദില്ലി : ഭീകര സംഘടനായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സെയ്ദ്‌ സലാഹുദ്ദീന്റെ മകനായ സെയ്ദ്‌ ഷാഹിദ് യൂസഫിനെ അറസ്റ്റ് ചെയ്തു. 2011 ല്‍ ഭീകര പ്രവര്‍ത്തനത്തിനുവേണ്ടി പണം സമാഹരിച്ചു എന്ന കേസുമായി ബന്ധപ്പെട്ട് കശ്മീരില്‍ വെച്ചാണ് ദേശീയ അന്വേഷണ സംഘം(എന്‍ഐഎ) ഇയാളെ അറസ്റ്റ് ചെയ്തത്.

വില്ലേജ് അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഷാഹിദ് യൂസഫിനെ  2011 ല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിച്ചതിലുള്ള പങ്കിനെക്കുറിച്ച് ചോദ്യം ചെയ്യാനാണ് അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ വക്താവായ അലോക് മിട്ടാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

സൗദി അറേബ്യയിലെ ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ഐജാസ് അഹമ്മദ് ബട്ടുമായി യൂസഫിന് അടുത്ത ബന്ധമുള്ളതായും കാശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇവരുടെ സംഘടനയില്‍ നിന്നും പണം വാങ്ങിയതായും എന്‍ഐഎ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെസ്റ്റേണ്‍ യൂണിയന്‍ വഴിയാണ് ഇവര്‍ തമ്മില്‍ പണം കൈമാറ്റം ചെയ്തിരിക്കുന്നത്.

2011 മുതല്‍ 2014 വരെ കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഈ പണം ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇവര്‍ തമ്മില്‍ പണം കൈമാറ്റം ചെയ്തതിന്റെയും വിളിച്ച കോളുകളുടെയും വിവരങ്ങള്‍ എന്‍ഐഎയുടെ പക്കല്‍ ഉണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് യൂസഫിനെ അറസ്റ്റ് ചെയ്തതെന്നും എന്‍ഐഎയുടെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സെയ്ദ്‌ സലാഹുദ്ദീനെ അന്താരാഷ്ട്ര ഭീകരനായി അമേരിക്ക ഈ വര്‍ഷം ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. പാക മണ്ണില്‍ ഇരുന്ന് കശ്മീര്‍ താഴ്‌വരയില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഇയാളുടെ നേതൃത്വത്തിലാണ്.

DONT MISS
Top