ഐവി ശശി: ഉത്സവമായി വന്ന് വെള്ളത്തൂവലായി കൊഴിഞ്ഞ സംവിധായക വസന്തം

ഐവി ശശി

നുഭവങ്ങളുടെ മഹാസാഗരമെന്നാണ് ഐവി ശശി ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് താരങ്ങള്‍ വിലയിരുത്താറുള്ളത്. നല്ല അനുഭവങ്ങളെല്ലാം ഓര്‍മ്മയാക്കി ആ മഹാസാഗരം അരങ്ങൊഴിഞ്ഞിരിക്കുന്നു. ഇത് മലയാള സിനിമയുടെ മാത്രമല്ല, മലയാളത്തിന്റെ മുഴുവന്‍ നഷ്ടമാണ്. എക്കാലത്തെയും മികവാര്‍ന്ന ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച അതുല്യപ്രതിഭ വിട പറയുമ്പോള്‍ ഞെട്ടലോടെയല്ലാതെ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയില്ല.

ഐവി ശശി ഭാര്യ സീമയോടൊപ്പം

മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയ ശേഷമാണ് ഇരുപ്പം വീട്ട് ശശിധരനെന്ന ഐവി ശശി സിനിമയിലേക്ക് തിരിയുന്നത്. 1968 ല്‍ എവി രാജന്റെ കളിയല്ല കല്യാണം എന്ന ചിത്രത്തില്‍ കലാസംവിധായകനായാണ് തുടക്കം. 27-ാം വയസ്സില്‍ അസിസ്റ്റന്റ് ഡയറക്ടറായി തന്റെ സിനിമാ ജീവിതം ആരംഭിച്ച ഐവി ശശിക്ക് താന്‍ തെരഞ്ഞെടുത്ത മേഖലയില്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

സംവിധാന മേഖലയിലും തിരക്കഥാ രംഗത്തും തന്റേതായ രീതികള്‍ സ്വീകരിച്ച് വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭ മലയാളത്തിന് സമ്മാനിച്ചത് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റികള്‍ ഒരുക്കിയ സംവിധായകന്‍ എന്നു തന്നെ പറയാം. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലുമായി നൂറ്റിഅന്‍പതിലേറെ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്.

മലയാളത്തില്‍ അവളുടെ രാവുകള്‍, അങ്ങാടി, 1921, അനുബന്ധം, ആരൂഢം, അഹിംസ, ഈ നാട്, ആവനാഴി, ഇണ, മൃഗയ, ദേവാസുരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഉയരങ്ങളില്‍ തുടങ്ങി ഇന്നും മലയാളികള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍. ഇനിയെത്ര സിനിമകള്‍ വന്നുപോയാലും ഇവയൊക്കെ ഓര്‍മ്മയില്‍ പച്ച പിടിച്ചു തന്നെ നില്‍ക്കുമെന്നത് നിശ്ചയമാണ്. അത്രയധികം ഉള്ളറിഞ്ഞ കഥകളാണ് സംവിധായകന്റെ കഴിവും സമര്‍പ്പണവും വ്യക്തമാക്കുന്ന രീതിയില്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്.

എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞുവെന്നതും അതല്ലെങ്കില്‍ യഥാര്‍ത്ഥ കഥയെ കണ്ടറിഞ്ഞ് ദൃശ്യവത്കരിക്കാന്‍ സാധിച്ചുവെന്നതും ഐവി ശശി എന്ന സംവിധായകന്റെ വിജയമാണ്. എംടി വാസുദേവന്‍ നായരുടെയും ടി ദാമോദരന്റെയുമെല്ലാം തിരക്കഥകള്‍ക്ക് അര്‍പ്പണ ബോധത്തോടെ ജീവന്‍ നല്‍കിയപ്പോള്‍ അതെല്ലാം മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്തവയായി.

പ്രണയചിത്രങ്ങളിലൂടെയും ശേഷം ജീവിതഗന്ധിയായ കുടുംബ ചിത്രങ്ങളൊരുക്കിയും കൈവെച്ചതൊക്കെയും പൊന്നാക്കിയ ചരിത്രമാണ് ഐവി ശശിയെന്ന അതുല്യ കലാകാരനുള്ളത്. സിനിമാ പ്രേക്ഷകര്‍ക്ക് ഉണര്‍വും ഊര്‍ജ്ജവും പകര്‍ന്ന് ശക്തമായ രാഷ്ട്രീയ ചിത്രങ്ങളും ആ സംവിധാന മികവില്‍ ജന്മമെടുത്തു. സ്ത്രീ പക്ഷ സിനിമകളും അദ്ദേഹത്തെ പ്രിയങ്കരനാക്കി. മലയാളിയുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ച സമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ നിരവധിയാണ്.

മലയാള സിനിമയ്ക്ക് ഇന്നും ഒഴിവാക്കാന്‍ കഴിയാത്ത വ്യക്തിത്വമാണ് ഐവി ശശി. 1975 നും 90 നും ഇടയിലുള്ള സമയത്തെ ഐവി ശശിയുടെ പേരില്‍ തന്നെ എഴുതിവെക്കേണ്ടി വരുന്നു. അത് അദ്ദേഹത്തിന്റെ സമയമായിരുന്നു. ടി ദാമോദരന്‍ എന്ന തിരക്കഥാകൃത്തിനൊപ്പം എണ്‍പതുകളില്‍ ഒരുക്കിയ ചിത്രങ്ങളെല്ലാം തന്നെ തരംഗം തീര്‍ത്തു. ഇനിയുമൊരുപാടു പേരെ സൂപ്പര്‍ സ്റ്റാറുകളാക്കാനും തന്റെ നിര്‍ദ്ദേശങ്ങള്‍ക്കപ്പുറം അഭിനയമികവു കാട്ടുന്നവരെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കാനും ഐവി ശശി ഇനിയില്ല. നികത്താനാകാത്ത നഷ്ടം. സമയമിനിയും ബാക്കിയെന്നിരിക്കെ അറുപത്തൊമ്പതാം വയസ്സില്‍ അദ്ദേഹം വിട പറഞ്ഞിരിക്കുന്നു. വിട പറഞ്ഞത് മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ കാരണഭൂതരില്‍ ഒരാളാണ്.

1989 ല്‍ പുറത്തിറങ്ങിയ മൃഗയ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടി. ആരൂഢം എന്ന ചിത്രത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2013 ല്‍ മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹാസനും ചേര്‍ന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ക്ക് ജന്മം നല്‍കിയ മനുഷ്യനെ ആദരിക്കേണ്ടത് അത്രയേറെ ഉചിതമായിരുന്നു. രജനീകാന്ത്, കമല്‍ ഹാസന്‍, പ്രേം നസീര്‍, ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഇവരെല്ലാവരും തന്നെ ഐവി ശശി എന്ന സംവിധായകന്റെ പാഠശാലയിലൂടെ തങ്ങളുടെ സിനിമയെന്ന സ്വപ്‌നങ്ങള്‍ക്ക് കരുത്ത് കൂട്ടിയവരാണ്. 2014 ല്‍ ജെസി ഡാനിയേല്‍ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായി. 2009 ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.

DONT MISS
Top