“എന്തൊക്കെ സംഭവിച്ചാലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ്”: മെര്‍സലിന് പിന്തുണയുമായി സമുദ്രക്കനിയും രംഗത്ത്

സമുദ്രക്കനി, വിജയ്‌

കൊച്ചി: വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി സംവിധായകനും നടനുമായ സമുദ്രക്കനി. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റ മോണിംഗ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സമുദ്രക്കനി.

‘എന്തൊക്കെ സംഭവിച്ചാലും ഞാന്‍ വിജയ് സാറിനോടൊപ്പമാണ്, ആറ്റ്‌ലിയോടൊപ്പമാണ്, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പമാണ്.’ ഇത്തരമൊരാശയം സിനിമയിലൂടെ പറയുമ്പോള്‍ അത് പ്രേക്ഷകരിലേക്ക് നേരിട്ടെത്തുന്നു എന്ന ഭയമാണ് വിവാദത്തിന് പുറകിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും മെര്‍സലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് മെര്‍സല്‍ കൈകാര്യം ചെയ്യുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നുമാണ് താരം ട്വിറ്ററില്‍ കുറിച്ചത്. രജനീകാന്തിന് പുറമെ കമല്‍ഹാസ്സന്‍, പാ രഞ്ജിത്ത്, വിജയ് സേതുപതി, വിശാല്‍ തുടങ്ങിയവരും നേരത്തെ ചിത്രത്തിന് പിന്തുണ അറിയിച്ചിരുന്നു.

തമിഴ്‌സൂപ്പര്‍സ്റ്റാര്‍ വിജയ് നായകനായി തിയേറ്ററില്‍ എത്തിയ ചിത്രം മെര്‍സലില്‍ ബിജെപിയെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജിഎസ്ടി, നോട്ട് നിരോധനം, കുഞ്ഞുങ്ങളുടെ മരണം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയ്‌ക്കെതിരെയുള്ള പരാമര്‍ശങ്ങളാണ് നേതാക്കളെ ചൊടിപ്പിച്ചത്.

DONT MISS
Top