ഗുജറാത്തിനെ വിലയ്ക്ക് വാങ്ങാനാകില്ല: ബിജെപിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ദില്ലി: ഗുജറാത്തിലെ പാട്ടിദാര്‍ വിഭാഗം നേതാവിനെ കോഴനല്‍കി പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഗുജറാത്തിന് വിലയിടാനാകില്ലെന്നും ഗുജറാത്തിനെ വിലയ്ക്ക് വാങ്ങാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന പാട്ടിദര്‍ വിഭാഗം നേതാവ് നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

ഗുജറാത്ത് വിലമതിക്കാനാകാത്ത നാടാണ്. അതിനെ ആര്‍ക്കും വിലയ്ക്ക് വാങ്ങാനായിട്ടില്ല, ഇനിയൊട്ട് വിലയ്ക്ക് വാങ്ങാനുമാകില്ല. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പര്യടനത്തിന്റെ ഭാഗമായി രാഹുല്‍ ഇന്ന് വീണ്ടും ഗുജറാത്തില്‍ എത്തുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് ട്വിറ്ററിലൂടെയുള്ള പ്രതികരണം.


കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് ബിജെപിയെ ഞെട്ടിച്ചുകൊണ്ട് പാട്ടിദര്‍ വിഭാഗം നേതാവും ഹാര്‍ദ്ദിക് പട്ടേലിന്റെ അടുത്ത അനുയായിയുമായ നരേന്ദ്ര പട്ടേല്‍ കോഴവാഗ്ദാനം പുറത്തുവിട്ടത്. ബിജെപിയില്‍ ചേരാന്‍ തനിക്ക് ഒരു കോടി രൂപ നേതാക്കള്‍ വാഗ്ദാനം ചെയ്‌തെന്നും അഡ്വാന്‍സായി പത്ത് ലക്ഷം രൂപ നല്‍കിയെന്നും നരേന്ദ്ര വെളിപ്പെടുത്തി. അഡ്വാന്‍സായി ലഭിച്ച പത്ത് ലക്ഷം രൂപ വാര്‍ത്താസമ്മേളനത്തില്‍ നരേന്ദ്ര പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ഞായറാഴ്ച വൈകുന്നേരം നരേന്ദ്ര ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി രാത്രിയോടെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത പട്ടേല്‍ ബിജെപി തനിക്ക് പണം വാഗ്ദാനം ചെയ്തതായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച ബിജെപിയില്‍ ചേര്‍ന്ന പാട്ടിദര്‍ നേതാവ് വരുണ്‍ മുഖേനയാണ് തനിക്ക് ബിജെപി പണം വാഗ്ദാനം ചെയ്തതെന്ന് നരേന്ദ്ര പറഞ്ഞു.


തന്നെ ബിജെപിയില്‍ ചേര്‍ക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് വരുണ്‍ ആണെന്ന് നരേന്ദ്ര വ്യക്തമാക്കി. ബാക്കി 90 ലക്ഷം രൂപ തിങ്കളാളഴ്ച നല്‍കാമെന്നാണ് ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നതെന്ന് നരേന്ദ്ര പറഞ്ഞു. “എന്നാല്‍ റിസര്‍വ് ബാങ്ക് തന്നെ തന്നാലും ബിജെപിക്ക് എന്നെ വിലയ്‌ക്കെടുക്കാനാകില്ല. വരുണ്‍ പട്ടേലിനെയും ബിജെപിയേയും ജനമധ്യത്തില്‍ തുറന്നുകാണിക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതും പണം സ്വീകരിച്ചതും”. നരേന്ദ്ര പട്ടേല്‍ പറഞ്ഞു.

DONT MISS
Top