സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരശീല വീഴും: എറണാകുളം ബഹുദൂരം മുന്നില്‍, കിരീടം ഉറപ്പിച്ചു

പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരശീല വീഴും. മേള അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എറണാകുളം ജില്ല വ്യക്തമായ മേധാവിത്വവുമായി ബഹുദൂരം മുന്നിലാണ്. ഇത്തവണത്തെ സ്‌കൂള്‍ കായികകിരീടം എറണാകുളം ഉറപ്പിച്ചിരിക്കുകയാണ്.

ഓവറോള്‍ കിരീടപ്പോരാട്ടത്തില്‍ 214 പോയിന്റാണ് എറണാകുളത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 140 പോയിന്റാണുള്ളത്. 86 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും 72 പോയിന്റുമായി തിരുവനന്തപുരം നാലാം സ്ഥാനത്തുമാണ്.

വൈകിട്ട് 4.30 നാണ് മേളയ്ക്ക് സമാപനം കുറിക്കുക. സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെഎം മാണ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

മേളയില്‍ ഇതുവരെ ദേശീയ റെക്കോര്‍ഡ് മറികടന്ന നാല് പ്രകടനങ്ങള്‍ ഉണ്ടായി. ജൂനിയര്‍ ഗേള്‍സ് ഹൈ ജംപില്‍ ഗായത്രി ശിവകുമാര്‍ (1.66), ജൂനിയര്‍ ഗേള്‍സ് ലോങ് ജംപില്‍ സാന്ദ്ര ബാബു (6.07), സീനിയര്‍ ഗേള്‍സ് 3000 മീറ്റര്‍ ഓട്ടത്തില്‍ അനുമോള്‍ തമ്പി (9:50:89), സീനിയര്‍ ബോയ്‌സ് 5000 മീറ്റര്‍ ഓട്ടത്തില്‍ അജിത് പിഎന്‍ (14:48:40) എന്നിവരാണ് ദേശീയ റെക്കോര്‍ഡുകള്‍ മറികടന്നത്.

DONT MISS
Top